ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാൻ്റിൽ നിന്നും കിടക്കകളിലേക്ക് ഓക്സിജൻ എത്തും: 10 ലക്ഷം കൂടി അനുവദിച്ചു; പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ

6

സംസ്ഥാന സർക്കാർ 1.2 കോടി രൂപ അനുവദിച്ച് തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടുകൂടി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ യാഥാർത്ഥ്യമാക്കിയ ഓക്സിജൻ ജനറേറ്റർ പ്ലാൻ്റ് പൂർണ്ണ ഉപയോഗത്തിലേക്കെത്തുന്നു. ഓക്സിജൻ പ്ലാൻ്റിൽ നിന്നും ആശുപത്രിയിലെ 50 കിടക്കകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനായി പൈപ്പ് കണക്ഷനുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് അംഗീകാരം ലഭിക്കുകയും, 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ 1.2 കോടി രൂപ ചിലവഴിച്ചാണ് ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ് ഒരുക്കിയത്. പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തിയായി. ഓക്സിജൻ പ്ലാൻ്റ് ഉൾപ്പെടെ 15 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. ഓക്സിജൻ പ്ലാൻ്റിൽ തടസങ്ങൾ കൂടാതെ വൈദ്യുതി ലഭ്യമാകുന്നതിനും, ഭാവി വികസനങ്ങൾ കൂടി മുന്നിൽകണ്ടുകൊണ്ടും ആശുപത്രിയിലെ വൈദ്യുതി ക്ഷമത വർധിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു. ഇതിനായി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 89.20 ലക്ഷം രൂപ അനുവദിച്ച് ഹൈ ടെൻഷൻ കണക്ഷൻ ലഭ്യമാക്കി. 400 KV ട്രാൻസ്ഫോർമറും കേബിളുകളും സ്ഥാപിച്ചു. ഓക്സിജൻ പ്ലാൻ്റിന് തടസമില്ലാതെ വൈദ്യുതി ലഭ്യമാകാൻ 250 KVA ജനറേറ്റർ സ്ഥാപിച്ചു. അടുത്ത 10 വർഷത്തിൽ ജില്ലാ ആശുപത്രിയിൽ വരുന്ന വികസനം കൂടി കണ്ടുകൊണ്ടാണ് വൈദ്യുതി ക്ഷമത വർധിപ്പിച്ചിട്ടുള്ളത്. പഴയ വയറിങ് എല്ലാം മാറ്റി റീവയറിങും ഈ പ്രവൃത്തിയോടൊപ്പം നടത്തി. മുമ്പുണ്ടായിരുന്ന വൈദ്യുതി തടസങ്ങളെല്ലാം പരിഹരിക്കാൻ കഴിഞ്ഞു. ഓക്സിജൻ ജനറേറ്റർ പ്ലാൻ്റിൽ നിന്നും 50 കിടക്കകളിലേക്ക് ഓക്സിജൻ എത്തുമ്പോൾ ആകെ 2 കോടി 19 ലക്ഷം രൂപയുടെ വികസനമാണ് സാധ്യമാകുന്നത്. തുക അനുവദിക്കപ്പെട്ട പൈപ്പ് ലൈൻ പ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് കഴിഞ്ഞാൽ പകുതി കിടക്കകളിലും ഓക്സിജൻ ലഭ്യമാകുന്ന ആശുപത്രിയായി വടക്കാഞ്ചേരി ജില്ലാ ആശുപത്രി മാറും. പദ്ധതി എത്രയുംവേഗം പൂർത്തീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ അറിയിച്ചു.

Advertisement
Advertisement