ജെ.പി നദ്ദ പങ്കെടുക്കുന്ന ബി.ജെ.പി നേതൃയോഗം തൃശൂരിൽ തുടങ്ങി: ബാഡ്ജ് ധരിക്കാതെ ശോഭാ സുരേന്ദ്രൻ മുൻ നിരയിൽ, ശോഭാ വിഷയത്തിൽ പ്രതികരിക്കാതെ നദ്ദ; ഇരുമുന്നണികളെയും തോൽപ്പിക്കാൻ സജീവമാകണമെന്ന് പ്രവർത്തകരോട് നദ്ദയുടെ ആഹ്വാനം, വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പൊതുസമ്മേളനം

10
1 / 100

ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുക്കുന്ന നേതൃയോഗം തൃശൂരിൽ തുടങ്ങി. കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡണ്ടായതിന് ശേഷം സംസ്ഥാന നേതൃത്വത്തിനോട് ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനും ദേശീയ നേതൃത്വത്തിൻറെ ഇടപെടലിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുനസംഘടനയ്ക്കു ശേഷം ബി.ജെ.പിയുടെ യോഗങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന ശോഭാ സുരേന്ദ്രൻ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും ശോഭാ സുരേന്ദ്രൻ ഏറ്റെടുത്തിരുന്നില്ല. ഇനിയും വിട്ടുനിൽക്കരുതെന്ന് കേന്ദ്രനേതൃത്വം ശോഭാ സുരേന്ദ്രനോട് പറഞ്ഞിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് യോഗത്തിന് എത്തിയത്. രാവിലെ പത്തോടെ യോഗം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് കാറിലെത്തിയ ശോഭാ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്. സമ്പൂർണ്ണയും നേതാക്കളും ചേർന്ന് സ്വീകരിച്ചു. നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാൻ അവർ തയ്യാറായില്ല.‘ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന ഒരു യോഗത്തിന് ഞാൻ വരുന്നു. സംഘടനയും സുഹൃത്തുക്കളും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ലെന്നും ശോഭ പറഞ്ഞു. പതിനൊന്നോടെയാണ് നെടുമ്പാശേരിയിൽ നിന്നും കാർ മാർഗം ജെ.പി.നദ്ദ യോഗഹാളിലെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിൻറെ നേതൃത്വത്തിൽ നദ്ദയെ സ്വീകരിച്ചു. കേരള പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോയെന്ന ചോദ്യത്തോട് ജെ.പി.നദ്ദ പ്രതികരിച്ചില്ല. 140 നിയോജകമണ്ഡലങ്ങളിലെ കൺവീനർമാരും ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് നദ്ദ ആദ്യം സംസാരിച്ചത്. ബാഡ്ജ് ധരിക്കാതെയാണ് ശോഭാ സുരേന്ദ്രൻ സദസിൽ മുൻ നിരയിലിരിക്കുന്നത്. ഇരുമുന്നണികളേയും തോൽപിക്കാൻ സജീവമായി രംഗത്തിറങ്ങണമെന്ന് ദേശീയ അധ്യക്ഷൻ ആഹ്വാനം ചെയ്തു. സമുദായിക നേതാക്കൻമാരുമായും ആർ.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയും തൃശൂരിൽ നദ്ദയുടെ പരിപാടിയിലുണ്ട്. വൈകീട്ട് നാലിന് വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടുള്ള പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പദവിയിൽ എത്തിയ ശേഷം ആദ്യമായാണ് നദ്ദ കേരളത്തിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.