ജോലിക്ക് വരാതെ ശമ്പളം വാങ്ങിയ തൃശൂരിലെ ബെവ്‌കോ ജീവനക്കാരി സി.ഐ.ടി.യു നേതാവിന് സസ്‌പെൻഷൻ

145

ജോലിക്ക് വരാതെ ശമ്പളം വാങ്ങിയ ബെവ്‌കോ ജീവനക്കാരിക്ക് സസ്‌പെൻഷൻ. ബെവ്‌കോ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി പ്രതിഭയെയാണ് സസ്‌പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ജോലി ചെയ്യാതെ രജിസ്റ്ററിൽ ഒപ്പുവെച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
തൃശൂർ വെയർഹൗസിലെ ലേബലിംഗ് തൊഴിലാളിയാണ് പ്രതിഭ. ഇവിടെ 2020 ഡിസംബറിൽ മൂന്ന് ദിവസവും 2021 സെപ്റ്റംബറിൽ ഒരു ദിവസവും പ്രതിഭ ജോലിക്കെത്തിയിരുന്നില്ല. എന്നാൽ രജിസ്റ്ററിൽ തിരുത്തി ഈ ദിവസങ്ങളിൽ ഹാജർ രേഖപ്പെടുത്തി ശമ്പളവും വാങ്ങിയെന്നാണ് കണ്ടെത്തൽ.
തുടർന്ന് ഹാജർ ബുക്കിൽ തിരുത്തൽ വരുത്തി വ്യാജരേഖ ചമച്ചെന്ന് ചൂണ്ടിക്കാട്ടി ബെവ്‌കോയുടെ തൃശൂർ ജില്ലാ ഓഡിറ്റ് വാഭാഗം പ്രതിഭയ്‌ക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ രാഷ്‌ട്രീയ സ്വാധീനം മൂലം ഈ റിപ്പോർട്ട് ആദ്യം പുറത്തുവന്നില്ല. ഒടുവിൽ ബെവ്‌കോയുടെ തലപ്പത്ത് ഉദ്യോഗസ്ഥർ മാറിയതോടെ റിപ്പോർട്ടിൽ നടപടിയുണ്ടാകുകയായിരുന്നു. തുടർന്ന് വിദേശ മദ്യത്തൊഴിലാളി യൂണിയൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റിനെ വ്യാജ രേഖയുണ്ടാക്കിയതിന് സസ്‌പെൻഡ് ചെയ്തു.
തൃശൂർ വെയർഹൗസിലേക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു പ്രതിഭ ലേബലിംഗ് വിഭാഗത്തിൽ കയറിയത്. ഇവരെ പിന്നീട് സർക്കാർ സ്ഥിരപ്പെടുത്തുകയായിരുന്നു. ഇതിനിടെ പ്രതിഭ ജോലിക്ക് കയറിയത് വയസ് തിരുത്തിയാണെന്നും ഇതിനായി പാസ്‌പോർട്ടിൽ മാറ്റം വരുത്തിയെന്നുമുള്ള പരാതി മറുവശത്ത് ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement
Advertisement