ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം: കടങ്ങോട് സര്‍വകക്ഷി കൂട്ടായ്മയുടെ കോവിഡ് സഹായ പ്രവര്‍ത്തനങ്ങള്‍

7

ലോക്ക്ഡൗണില്‍ ജോലിക്ക് പോകാന്‍ കഴിയാതെ ദൈനംദിന ജീവിത ചെലവുകള്‍ക്കും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലേക്ക് മീന്‍, ഇറച്ചി, പഴം, പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ എന്നിവ അടങ്ങുന്ന ഭക്ഷണ കിറ്റുകളുടെ വിതരണം കടങ്ങോട് പഞ്ചായത്തില്‍ ആരംഭിച്ചു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം എന്ന പഞ്ചായത്തിലെ സര്‍വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.

ഒന്നാം പ്രളയകാലത്തും കഴിഞ്ഞ കോവിഡ് കാലത്തും കടങ്ങോട് പഞ്ചായത്തില്‍ രൂപീകരിച്ചതാണ് ഈ സംഘടന. ജനപ്രതിനിധികള്‍, പ്രവാസികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരാണ് സംഘടനയിലെ അംഗങ്ങള്‍.

പഞ്ചായത്തിലെ 5 വാര്‍ഡുകളിലെ 5 കുടുംബങ്ങള്‍ വീതം 25 വീടുകളിലേക്ക് ആര്‍ ആര്‍ ടി പ്രവര്‍ത്തകര്‍ വഴിയാണ് കിറ്റുകള്‍ എത്തിച്ചു നല്‍കിയത്.
പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു. കടങ്ങോട് പഞ്ചായത്ത് അങ്കണത്തില്‍ എരുമപ്പെട്ടി സ്റ്റേഷന്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് കിറ്റുകള്‍ വിതരണ ചുമതലയുള്ള ആര്‍ ആര്‍ ടി പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.

യൂത്ത് കോര്‍ഡിനേറ്റര്‍ അനൂഷ് മോഹന്‍, പദ്ധതി കോര്‍ഡിനേറ്റര്‍മാരായ അമീര്‍ ടെല്‍കോണ്‍, കബീര്‍ കൊട്ടിലിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വരും ദിവസങ്ങളില്‍ ഇത് പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലേക്ക് കൂടി എത്തിക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ റഫീക്ക് ഹൈദ്രോസ് അറിയിച്ചു.