ടോൾ കൊള്ളക്കെതിരെയുള്ള ഒരു നാടിൻറെ പോരാട്ടം അവസാനിക്കുന്നു. നാട് കാത്തിരുന്ന ടോളില്ലാതെ, പാലിയേക്കരയിലെ ടോൾ കൊള്ളയെ നേരിടാൻ പുലക്കാട്ടുകരയിൽ മണലിപ്പുഴക്ക് കുറുകെയുള്ള പാലം യാഥാർഥ്യമായി. ടോളടയ്ക്കാതെ കടന്നുപോവാനുള്ള സമാന്തരപാതയായി ഈ പാലം മാറും. ശനിയാഴ്ച മന്ത്രി ജി സുധാകരൻ പാലം നാടിന് സമർപ്പിക്കും. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാവും. രവീന്ദ്രനാഥിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മണലിപ്പുഴയ്ക്കു കുറുകെ നെന്മണിക്കര–-തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പുലക്കാട്ടുകര പാലം. കേരളത്തിൽ പുഴയ്ക്കു കുറുകെ തൂണുകളില്ലാതെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏറ്റവും നീളം കൂടിയ ബോക്സ് ഗർഡർ പാലമാണിത്. നബാർഡ് ഐആർഡിഎഫ് പദ്ധതിയിലുൾപ്പെടുത്തി 3.75 കോടി ചെലവിലാണ് പാലം നിർമിക്കുന്നത്. മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രത്യേക താൽപ്പര്യമെടുത്തതോടെയാണ് പാലം യാഥാർഥ്യമാവുന്നത്. മണലിപ്പുഴയ്ക്കു കുറുകെ 46 മീറ്റർ നീളത്തിൽ ഇടയ്ക്ക് തൂണുകളില്ലാതെയാണ് പാലം നിർമിക്കുന്നത്. 9.1 മീറ്ററാണ് വീതി. പാലത്തിലൂടെ രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാൻ 7.5 മീറ്റർ വീതിയുണ്ടാകും. ഇരുഭാഗങ്ങളിൽ നടപ്പാതയുമുണ്ട്. പാലത്തോടനുബന്ധിച്ച് ഇരുഭാഗത്തും അപ്രോച്ച് റോഡും പൂർത്തിയായി. എൽഡിഎഫ് ഭരണത്തിലുണ്ടായിരുന്ന നെന്മണിക്കര–-തൃക്കൂർ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തലോർ, കല്ലൂർ സഹകരണബാങ്കുകളുടെ ജനനന്മഫണ്ടുൾപ്പെടെ ജനകീയമായി 37 ലക്ഷം സമാഹരിച്ചാണ് ഭൂമി ഏറ്റെടുത്ത്. പാലിയേക്കരയിൽനിന്ന് രണ്ടുകിലോമീറ്ററാണ് പാലത്തിലേക്കുള്ള ദൂരം. പാലം കടന്നാൽ കല്ലൂർ വഴി രണ്ടരകിലോമീറ്റർ പിന്നിട്ടാൽ ആമ്പല്ലൂരിലെത്താം. പാലിയേക്കരയിലെ ടോൾപാതയ്ക്ക് സമാന്തരപാതയായി ഇത് മാറും. പ്രളയം, കോവിഡ് പ്രതിസന്ധികൾ മറികടന്നാണ് പാലം പൂർത്തിയായത്. മരത്താക്കരയിലെ ജെ.എം.ജെ അസോസിയറ്റ്സാണ് കരാര് ഏറ്റെടുത്തത്. പാലം യാഥാർഥ്യമായ ആഹ്ളാദത്തിലാണ് പുതുക്കാട്.