ഠാണ-ചന്തക്കുന്ന് റോഡ് വികസനം: ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതായി മന്ത്രി ആർ ബിന്ദു

14

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്ക് പരിധിയിൽ വരുന്ന ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. RFCT LARR ACT 2013 നിയമപ്രകാരം 0.7190 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

Advertisement

പ്രദേശവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ നേരത്തെ ഭരണാനുമതിയായിരുന്നു. റോഡ് വികസനം സാധ്യമാകുന്നതോടെ സംസ്ഥാന പാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശത്തിനും ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമാകും.

ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് നിലവിലെ 11 മീറ്റർ റോഡ് 17 മീറ്ററായാണ് വീതി കൂട്ടുന്നത്. 13.8 മീറ്റർ വീതിയിൽ റോഡും , 3.2 മീറ്റർ വീതിയിൽ നടപ്പാതകളോടുകൂടിയ കാനകളും നിർമ്മിക്കും. കൂടാതെ ഗതാഗത സുരക്ഷയ്ക്ക് വേണ്ടിയുള്ള ലൈൻ മാർക്കിംഗ്, റിഫ്ലെക്ടറുകൾ, സൂചനാബോർഡുകൾ, ദിശ ബോർഡുകൾ എന്നിവയും സ്ഥാപിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ് ഇതോടെ പൂർത്തീകരിക്കപ്പെടുന്നത്.

Advertisement