ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണ പ്രതിഷേധം: യഥാർഥ കുറ്റവാളികളെ രക്ഷിക്കാൻ സംഭവത്തിൽ ബന്ധമില്ലാത്ത ഡോക്ടറെ ബലിയാടാക്കുന്നുവെന്ന് കെ.ജി.എം.സി.ടി.എ

17

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ ഓർത്തോ വിഭാഗം മേധാവി ഡോ. പി.ജെ ജേക്കബിനെ സസ്പെൻഡ് ചെയ്തതിനെതിരെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. രാവിലെ 10 മുതൽ 11 വരെയാണ് ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. ബഹിഷ്കരണ സമരം നടത്തിയ ഡോക്ടർമാർ മെഡിക്കൽ കോളേജിൽ പ്രകടനവും പ്രതിഷേധ യോഗവും ചേർന്നു. പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ നേരിട്ട് ബന്ധമില്ലാത്ത ഓർത്തോ വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തത് ഏകപക്ഷീയമായിട്ടാണെന്നും യഥാർത്ഥ കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുകയും എച്ച്.ഒ.ഡി എന്ന നിലയിലുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കുകയും ചെയ്ത ഡോ. ജേക്കബിനെ ബലിയാടാക്കി കുറ്റവാളികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ.ജി.എം.സി.ടി.എ നേതാക്കൾ ആരോപിച്ചു. അടിയന്തരമായി സസ്പെൻഷൻ തീരുമാനം പിൻവലിക്കാനും സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി യഥാർഥ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Advertisement
Advertisement