തലതിരിച്ച് ക്ളോക്ക് വെച്ചാലും സമയം കൃത്യമായി പറയും: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം സ്വന്തമാക്കി ചേർപ്പിലെ മൂന്ന് വയസുകാരന്‍

42

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി 3 വയസുകാരന്‍ ഓസ്റ്റിന്‍. ക്ലോക്കിലെ ഏത് സമയവും കൃത്യമായി പറഞ്ഞാണ് ഓസ്റ്റിന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ചേര്‍പ്പ് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം പെരിഞ്ചേരി വീട്ടില്‍ ബ്രയാന്‍ അഗസ്റ്റിന്‍ ഡേവിഡിന്റെയും, ഡോക്ടര്‍ സിന്റയുടെയും മകനാണ് ഓസ്റ്റിന്‍. അമ്മ സിന്റ കാണിച്ച് നല്‍കിയ ക്ലോക്കിലെ സമയം പഠിച്ചെടുത്താണ് ഓസ്റ്റിന്‍ കൃത്യസമയം പറയാന്‍ ആരംഭിച്ചത്. അതും നിമിഷങ്ങള്‍ക്കകം, ആദ്യ അവസാനം വരെ തിരിച്ചും മറിച്ചും സമയം പറയും. കഴിഞ്ഞ ദിവസമാണ് ഓസ്റ്റിന്റെ റെക്കോര്‍ഡ് നേട്ടം ഔദ്യോഗിക പ്രഖ്യാപനമായി വന്നത്. കുട്ടിക്കാലം മുതല്‍ ഈ മിടുക്കന്‍ ക്ലോക്കിലെ സമയം പറയാന്‍ താല്‍പര്യം കാണിച്ചിരുന്നു. ക്ലോക്കില്‍ ക്രമാനുസൃതമല്ലാതെ സമയം സെറ്റ് ചെയ്ത് നല്‍കിയാലും തെറ്റാതെ പറയും. കൂടാതെ ക്ലോക്ക് കയ്യിലെടുത്ത് സൂചി തിരിച്ചും സമയം പറയും. ചേര്‍പ്പ് ലൂര്‍ദ് മാത ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിയായ ഓസ്റ്റിന്‍ 1 മുതല്‍ 1000 വരെ എണ്ണും. കൂടാതെ 1 മുതല്‍ 100 വരെ എഴുതാനും പഠിച്ചുകഴിഞ്ഞു. സൈക്കിളിംഗ് അടക്കമുള്ള കായികരംഗത്തും ഈ മിടുക്കന്‍ മികവ് തെളിയിച്ചിട്ടുണ്ട്.