തുരുത്ത് നിവാസികൾക്ക് ഇനി സുഗമയാത്ര: കുറിഞ്ഞ്യാക്കലിൽ പാലം റെഡി; മന്ത്രി വി.എസ്.സുനിൽകുമാർ നാടിന് സമർപ്പിച്ചു

125
4 / 100

അയ്യന്തോൾ കുറിഞ്ഞ്യാക്കൽ തുരുത്ത് നിവാസികളുടെ കാലങ്ങളായുള്ള ദുരിതയാത്ര ഇനി പഴങ്കഥ. കാൽ നൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു വിരാമമിട്ട് കുറിഞ്ഞ്യാക്കലിൽ പാലം വന്നു. കുറിഞ്ഞ്യാക്കൽ പാലം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ജനങ്ങൾക്കു തുറന്നു കൊടുത്തു.

ജനങ്ങൾക്കൊപ്പം നിൽക്കാനായി എന്ന ചാരിതാർത്ഥ്യമാണ് പാലം തുറന്നു കൊടുത്തപ്പോൾ ഉണ്ടായതെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. തുരുത്തു നിവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പ് അവസാനിച്ചെന്നും ഇനി ഇതു വഴി വികസനം വന്നെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പാലം യാഥാർത്ഥ്യമായതോടെ കെ എൽ ഡി സി കനാലിന് കുറുകെ കയർ കെട്ടി വഞ്ചി വലിച്ചുള്ള ആബാലവൃദ്ധം ജനങ്ങളുടെയും യാത്രാദുരിതത്തിന് പരിസമാപ്തിയായി. പാലമില്ലാത്തതിൻ്റെ പേരിൽ സ്കൂൾ പഠനവും തൊഴിലും പ്രതിസന്ധിയിലായ ഒട്ടേറെ പേർ തുരുത്തിലുണ്ട്.

മന്ത്രി നാട മുറിച്ച് പാലം തുറന്നപ്പോൾ തന്നെ പ്രദേശവാസികൾ ആഹ്ലാദാരവം മുഴക്കി. തുടർന്ന് നാട്ടുകാരുടെ അകമ്പടിയിൽ മന്ത്രിയും മേയറും മറ്റ് ജനപ്രതിനിധികളും പാലത്തിലൂടെ സഞ്ചരിച്ചു.

കുറിഞ്ഞ്യാക്കലിനെ പുതൂർക്കരയുമയി ബന്ധിപ്പിക്കുന്ന പാലം തുറന്നതോടെ
തുരുത്തിലെ 25 കുടുംബങ്ങളുടെ ചിരകാല സ്വപ്നമാണ് പൂവണിഞ്ഞത്.
2018 ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. 496.79 ലക്ഷം രൂപ വകയിരുത്തി നബാർഡ് ധനസഹായത്തോടെ കെഎൽഡിസി
(കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷൻ) യാണ് നിർമാണം പൂർത്തീകരിച്ചത്. 5.5 മീറ്റർ കാര്യേജ് വേയോടെ 22 മീറ്റർ വീതിയുള്ള മൂന്ന് സ്പാനുകളിലാണ് പാലം.

പാലം തുറന്നതോടെ തുരുത്തിലെ 1500 ഏക്കറിലെ നെൽ കൃഷി കൂടുതൽ മികച്ചതാവും. പ്രദേശത്തെ ടൂറിസം സാധ്യതകളും ഉപയോഗപ്പെടുത്താനാകും.

മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ, സ്ഥിരം സമിതി അംഗങ്ങളായ പി കെ ഷാജൻ, ഷീബ ബാബു, കൗൺസിലർ മേഫി ഡെൽസൺ തുടങ്ങിയവർ പങ്കെടുത്തു.