തൃശൂരിൽ നിന്ന് ഹരിനാരായണൻ പറഞ്ഞു, ഉടൻ ഇടപെട്ട് ആരോഗ്യമന്ത്രി; ശ്രീനന്ദക്ക് പാലക്കാട് ആശുപത്രിയിൽ നിന്നും മരുന്ന് ലഭിക്കും, നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചുവെന്ന് വീണ ജോർജ്, സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുതുക്കി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

103

ഏത് നിമിഷവും മൂര്‍ഛിക്കുന്ന രോഗം മൂലം മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയായ ശ്രീനന്ദയുടെ ചികിൽസയിൽ സർക്കാർ ഇടപെടൽ. ഗാനരചയിതാവ് ബി.കെ.ഹരിനാരായണനാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സമൂഹമാധ്യമത്തിൽ അറിയിച്ചു. സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ സുഹൃത്തിന്റെ മകളാണ് ശ്രീ നന്ദ. അസുഖത്തിന് ഒരു പരിഹാരം ഇന്‍സുലിന്‍ പമ്പ് ചെയ്യുകയാണെന്നും എന്നാല്‍ അതിന് ഏഴ് ലക്ഷവും മറ്റ് ചെലവുമായി മാസം ഇരുപതിനായിരം രൂപയോളം വേണ്ടി വരുമെന്നുമായിരുന്നു ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലുണ്ടായിരുന്നത്. ഇതനുസരിച്ചായിരുന്നു ഹരിനാരായണൻ ആരോഗ്യമന്ത്രിയെ ബന്ധപ്പെട്ടത്. മരുന്ന് ഇനി പാലക്കാട് നിന്ന് തന്നെ ലഭിക്കുന്നതിനും കുട്ടിയെ നിരീക്ഷണത്തിന് ആരോഗ്യപ്രവർത്തകരെ ചുമതലപ്പെടുത്തിയതായും ഇതോടൊപ്പം സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുതുക്കി നടപ്പിലാക്കുമെന്നും മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സര്‍ക്കാരിനും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും എം.ജയചന്ദ്രൻ സമൂഹമാധ്യമത്തിൽ നന്ദി അറിയിക്കുകയും ചെയ്തു.

Advertisement


മന്ത്രി വീണ ജോർജിന്റെ സമൂഹമാധ്യമ കുറിപ്പ് വായിക്കാം

പാലക്കാട് ശ്രീനന്ദ എന്ന മോളുടെ കാര്യം പ്രിയങ്കരനായ ഗാനരചയിതാവ് ശ്രീ ഹരിനാരായണനാണ് ശ്രദ്ധയിൽപ്പെടുത്തിയത്. ടൈപ്പ് 1 ഡയബറ്റീസാണ് ശ്രീനന്ദയ്ക്ക്. ശ്രീനന്ദയുടെ അച്ഛൻ ഡ്രൈവറാണ്. സംസ്ഥാന സർക്കാറിന്റെ മിഠായി പദ്ധതിയിൽ ശ്രീനന്ദ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ രക്തത്തിലെ ഗ്ലൂക്കോസ് ലെവലിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകുന്നത് കാരണം ലഭ്യമാകുന്ന മരുന്ന് തികയാതെ വരുന്നു. മാത്രമല്ല അച്ഛനോ അമ്മയോ മിക്കപ്പോഴും സ്കൂളിലെത്തി മോൾക്ക് മരുന്നും ഗ്ലൂക്കോസുമൊക്കെ നൽകേണ്ടതായി വരുന്നു.

തൃശൂർ മെഡിക്കൽ കോളേജിൽ നിന്നാണ് ശ്രീനന്ദയ്ക്ക് മരുന്നുകൾ ലഭിച്ചു കൊണ്ടിരുന്നത്. ശ്രീനന്ദയ്ക്ക് പാലക്കാട് നിന്ന് മരുന്നുകൾ മുടക്കമില്ലാതെ ലഭ്യമാക്കാൻ നിർദ്ദേശം നൽകി. ശ്രീനന്ദയുടെ സ്കൂളിലെത്തി ആരോഗ്യ പ്രവർത്തകർ അധ്യാപകരോട് സംസാരിച്ച് ആ മോളുടെ രക്തത്തിലെ ഗ്ലൂക്കോസിലെ അളവിലുണ്ടായേക്കാവുന്ന വലിയ വ്യതിയാനങ്ങളെക്കുറിച്ചും ഉണ്ടാകേണ്ട ജാഗ്രതയെക്കുറിച്ചും സംസാരിക്കണമെന്ന് ചുമതലപ്പെടുത്തി. ശ്രീനന്ദയുടെ കാര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകും. സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ശ്രീഹരി പ്രാദേശികമായി ഇക്കാര്യങ്ങൾ ക്രമീകരിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ നിന്ന് നിർദ്ദേശിച്ച ഇൻസുലിൻ പമ്പ് വയ്ക്കുന്നതിന് മുമ്പുള്ള മോണിറ്ററിങ് നടത്തും.

ശ്രീനന്ദയുടെയും മറ്റനേകം കുഞ്ഞുങ്ങളുടെയും സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചില കാര്യങ്ങൾ നടപ്പിലാക്കുകയാണ്.

1. കുട്ടികൾക്കിടയിലെ ആരോഗ്യ സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായുള്ള ആരോഗ്യ പ്രവർത്തകരുടെ (ആർ ബി എസ് കെ നഴ്സസ് ഉൾപ്പെടെ) സേവനം ശക്തമാക്കും. സ്കൂളുകളിലും ഇവരുടെ സന്ദർശനങ്ങൾ ഉറപ്പാക്കും.

2. സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുതുക്കി നടപ്പിലാക്കും. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പദ്ധതി നടപ്പിലാക്കും.

3. ‘Peer School Educators’ കുട്ടികൾക്കിടയിലെ ഡോക്ടർ, ‘കുട്ടി ഡോക്ടർ’ പദ്ധതി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നടപ്പിലാക്കും

4. പരമാവധി വികേന്ദ്രീകൃതമായി മരുന്ന് ലഭ്യത ഉറപ്പാക്കും

ശ്രീനന്ദയുടെ ചികിത്സയ്ക്കായി ഒപ്പം നിന്ന് കുടുംബത്തെ സഹായിക്കുന്ന സംഗീത സംവിധായകൻ ശ്രീ എം ജയചന്ദ്രനും ഗാനരചയിതാവ് ശ്രീ. ഹരിനാരായണനും സ്നേഹാദരങ്ങൾ അറിയിക്കുന്നു.

Advertisement