തൃശൂരിൽ പുലിപ്പൂരം

25

അസുരവാദ്യത്തിമിര്‍പ്പില്‍ അരമണി കിലുക്കി രൗദ്രഭാവത്തിൽ തേക്കിൻകാടിനെ ചുറ്റി ഇരമ്പിയാർത്ത പുലിക്കൂട്ടങ്ങൾ ആൾക്കൂട്ടങ്ങളെ ആവേശത്തിലാക്കി. ഇടക്കെപ്പോഴോ പെയ്തിറങ്ങിയ മഴക്കോൾ ‘തൃശൂർ പുലികളു’ടെ ശൗര്യം കണ്ട് മേഘത്തിലൊളിച്ചു. രണ്ട് വർഷത്തിൻറെ ഇടവേളയെ ആഘോഷം കൊണ്ടും ആവേശം കൊണ്ടും പകരം ചോദിച്ച് പുലിക്കളിയാഘോഷത്തോടെ തൃശൂരിൻറെ ഓണാഘോഷങ്ങൾക്ക് പരിസമാപ്തി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിലുള്ള ദുഖാചരണത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയെങ്കിലുംപുലിക്കളിയുടെ ആഘോഷത്തിനും ആവേശത്തിനും പൊലിമ കുറഞ്ഞില്ല. പൂങ്കുന്നം, വിയ്യൂർ, അയന്തോൾ, കാനാട്ടുകര, ശക്തൻ ദേശങ്ങളായിരുന്നു പുലിക്കളിയാഘോഷത്തിൽ പങ്കെടുത്തത്. ഇരുന്നൂറ്റമ്പതോളം പുലികളും നിശ്ചല ദൃശ്യങ്ങളും വാദ്യങ്ങളുമായി മണിക്കൂറുകൾ പൂര നഗരിയിൽ പുലികൾ ആറാടുകയായിരുന്നു. പുലിനിറ, താള, ചുവടുകളുടെ വിസ്മയം ആസ്വാദിക്കാൻ കടൽക്കടന്നെത്തിയവരും ഇത്തവണയുണ്ടായിരുന്നു. അറബ് മലയാളം ഗായകൻ ഹാഷിം അബ്ബാസ്, യു.കെയിൽ നിന്നുള്ള വിനോദ സഞ്ചാരികളടങ്ങുന്ന സംഘമടക്കം തൃശൂരിൻറെ പുലിക്കളിയാഘോഷം കാണാനെത്തി. പുലർച്ചെ മുതൽ തന്നെ മടകളിൽ (ദേശങ്ങളിൽ) പുലികളുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. മെയ്യെഴുത്ത് പൂർത്തിയാക്കി വൈകീട്ട് മൂന്നോടെയാണ് ദേശങ്ങളിൽ നിന്നും പുലികൾ സ്വരാജ് റൗണ്ടിലേക്ക് പുറപ്പെട്ടത്. വൈകീട്ട് അഞ്ചിന് ആദ്യം നടുവിലാലിൽ പ്രവേശിച്ചത് പൂങ്കുന്നം ദേശമായിരുന്നു. കുട്ടിപ്പുലി നടുവിലാൽ ഗണപതിക്ക് ആചാരപരമായ ആദ്യം തേങ്ങയുടച്ചു. പിന്നാലെ മറ്റ് പുലികളും. ചെണ്ടയിലെ താളത്തിൽ പുലികൾ ചുവടുവെച്ചു. താരങ്ങളായ ’കുടവയറൻ’പുലികളും കുട്ടിപ്പുലികളും കരിമ്പുലികളും വരയൻ പുലികളും പുള്ളിപ്പുലികളും എലുമ്പൻ പുലികളും മാത്രമല്ല, മഞ്ഞയും വെള്ളയും നീലയിലുമെല്ലാം നിറഞ്ഞ ‘മനുഷ്യപുലികൾ’ ആടിത്തിമിർത്തു. ദുഖാചരണ സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ മേയർ എം.കെ വർഗീസ്, പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ പല്ലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പുലിക്കളി സംഘാടക സമിതി കൺവീനറുമായ ജോൺ ഡാനിയേൽ എന്നിവരുടെ സാനിധ്യത്തിൽ മുൻ മേയർ അജിത വിജയൻ വിയ്യൂർ സംഘത്തിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ച് പുലിക്കളിയാഘോഷത്തിന് ഔപചാരിക തുടക്കമിട്ടു. പൂങ്കുന്നത്തിന് പിന്നാലെ ശക്തൻ, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സംഘങ്ങളും സ്വരാജ് റൗണ്ടിൽ പ്രവേശിച്ചു. ഓരോ ടീമിലും 35 മുതൽ 51 പുലികൾ വരെയുണ്ടായി. പുരാണ കഥകളും സാമൂഹ്യ വിഷയങ്ങൾക്ക് ദൃശ്യാവിഷ്കാരം നൽകിയ നിശ്ചല ദൃശ്യങ്ങളും പുലിക്കളിയാഘോഷത്തിന് പൊലിമയേകി. നഗരാതിര്‍ത്തിയിലെ പുലിമടകള്‍ തകര്‍ത്ത് പുലിക്കൂട്ടങ്ങള്‍ ശക്തന്റെ ചരിത്രനഗരിയിലേക്കൊഴുകും മുമ്പ് തന്നെ നഗരം ആൾക്കടലായി. അസുരവാദ്യത്തിമിര്‍പ്പില്‍ അരമണി കിലുക്കി പുലികളുടെ സമാനതയില്ലാത്ത ചുവടുവയ്പ് ആസ്വദിക്കാൻ പതിവിലും കൂടുതലാളുകളാണെന്നാണ് പൊലീസിന്റെ കണക്ക്. രണ്ട് വർഷം ഇടവേളയിട്ടതിനാൽ ജനക്കൂട്ടമെത്തുമെന്ന മുൻകരുതലോടെയായിരുന്നു പൊലീസും. കമ്മീഷണർ ആർ.ആദിത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അഞ്ച് അസി.കമ്മീഷണർമാരുടെ മേൽനോട്ടത്തിൽ അഞ്ഞൂറിലധികം പൊലീസുകാരായിരുന്നു സുരക്ഷക്കുണ്ടായിരുന്നത്.

Advertisement
Advertisement