തൃശൂരിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്: പൂരം ഫിൻസെർവ് കബളിപ്പിച്ചുവെന്ന് നിക്ഷേപകർ; പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപം

146

തൃശൂരിൽ വന്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതായി പരാതി. പൂരം ഫിൻസെർവ് എന്ന ധനകാര്യ സ്ഥാപനത്തിന് എതിരെയാണ് നിക്ഷേപകരുടെ പരാതി. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് മൂന്നുമാസമായിട്ടും  ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നിക്ഷേപകര്‍ ആരോപിച്ചു. ബാങ്ക് ജീവനക്കാരനായിരുന്ന ഒളരി സ്വദേശി ജോസ്, വിരമിച്ചപ്പോള്‍ കിട്ടിയതുള്‍പ്പടെ 21 ലക്ഷം രൂപയാണ് തൃശൂരിലെ പൂരം ഫിന്‍സെര്‍വ്വില്‍ നിക്ഷേപിച്ചത്. പതിനൊന്നര ശതമാനം പലിശ നല്‍കാമെന്നായിരുന്നു വാഗ്ദാനം. കാലാവധി കഴിഞ്ഞപ്പോള്‍ മുതലുമില്ല പലിശയുമില്ല. ജോസിനെപ്പോലെ പത്തും ഇരുപതും ലക്ഷം നിക്ഷേപിച്ച ആയിരത്തിനടുത്താളുകള്‍ക്ക് പണം കിട്ടാനുണ്ടെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. പലരും മക്കളുടെ വിവാഹ, പഠന ആവശ്യങ്ങള്‍ക്കു കരുതിയിരുന്ന പണമായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസ് ഡയറക്ടര്‍മാരെ പ്രതിയാക്കി വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പൊലീസ് വിശദീകരിക്കുന്നു. നിക്ഷേപതുക തിരിച്ചു നൽകാത്ത ഡയറക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇടപാടുകാർ മുഖ്യമന്ത്രിയ്ക്കും ജില്ലാ കലക്ടർക്കും പരാതികൾ നൽകിയിരുന്നു. ഡയറക്ടർമാർ നാടുവിടാനുള്ള സാധ്യതയുണ്ടെന്നും ഇടപാടുകാർ ആരോപിക്കുന്നു. എന്നാല്‍ പൂരം ഫിന്‍സെര്‍വിന്‍റെ ഭാഗമായിരുന്ന ചിലരാണ് പരാതിക്ക് പിന്നിലെന്നാണ് ഡയറക്ടര്‍ അനില്‍ കുമാര്‍ പ്രതികരിച്ചത്. നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും പൂരം ഫിന്‍സെര്‍വ്വ് അറിയിച്ചു.  

Advertisement
Advertisement