തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.എമ്മും: രാജൻ പല്ലനോട് പ്രതിപക്ഷ നേതാവിന്റെ മുറിയൊഴിയാൻ മേയറുടെ ഉത്തരവ്; പുതിയ ബോർഡ് സ്ഥാപിച്ച് കൗൺസിലർമാരുടെ വിശ്രമമുറിയാക്കാൻ നിർദേശം

115

അനധികൃത നിയമനം സംബന്ധിച്ച് കോർപ്പറേഷൻ ഭരണസമിതിക്കെതിരെ കോൺഗ്രസ് പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെ പ്രതിപക്ഷ നേതാവിന്റെ മുറിയൊഴിയാൻ നിർദേശിച്ച് മേയറുടെ ഉത്തരവ്. തദ്ദേസ സ്ഥാപനങ്ങളിൽ പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിയമ സാധുതയില്ലാത്തതിനാൽ ഏതെങ്കിലും പ്രത്യേക സൗകര്യമോ ആനുകൂല്യങ്ങളോ അനുവദിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് മേയർ വ്യക്തമാക്കുന്നു. കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവിനായി അനുവദിച്ചിരിക്കുന്ന മുറി, ഫോൺ സൗകര്യം എന്നിവ നിറുത്തലാക്കി മുറിയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് നീക്കി കൗൺസിലർമാരുടെ വിശ്രമമുറിയായി ബോർഡ് സ്ഥാപിക്കാൻ അടിയന്തര നിർദേശമായിട്ടാണ് മേയറുടെ ഉത്തരവ്. തൃശൂർ കോർപ്പറേഷനിൽ മേയർക്കും പ്രതിപക്ഷ നേതാവിനും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർക്കും പ്രത്യേകം മുറികളും സ്റ്റാഫ് അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസമിതിയാണെന്നും ഭരണപ്രതിപക്ഷമെന്നത് കക്ഷി രാഷ്ട്രീയതലത്തിൽ വ്യാഖ്യാനിക്കുന്നതാണെന്നും നേരത്തെ തന്നെ നിർദേശമുള്ളതാണ്. 2008ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മേയറുടെ ഇപ്പോഴത്തെ ഉത്തരവ്. ബി.ജെ.പി കൗൺസിലർമാർക്കുൾപ്പെടെ പ്രത്യേകം മുറിയനുവദിച്ചിട്ടുള്ള കോർപ്പറേഷനാണ് തൃശൂർ.

Advertisement
Advertisement