തൃശൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് 6.68 ലക്ഷം രൂപയുടെ കടാശ്വാസത്തിന് ശുപാർശ

8

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കടാശ്വാസ അപേക്ഷകള്‍ പരിഗണിക്കുന്നതിന് സിറ്റിംഗ് നടത്തി. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ള അപേക്ഷകളാണ് കമ്മീഷൻ സ്വീകരിച്ചത്. സിറ്റിങ്ങിന് ശേഷം തൃശൂർ ജില്ലയിൽ 6,68,217 രൂപയുടെ കടാശ്വാസത്തിന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. അഴീക്കോട്-എടവിലങ്ങ് മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്ത 4 മത്സ്യത്തൊഴിലാളികള്‍ക്ക് 88,800 രൂപ, എടവിലങ്ങ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത 3 മത്സ്യത്തൊഴിലാളികൾക്ക് 34,841 രൂപ, പെരിഞ്ഞനം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്ത 6 മത്സ്യത്തൊഴിലാളികൾക്ക് 44,576 രൂപ, കയ്പമംഗലം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് 18,750 രൂപ, ഞാറക്കല്‍ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്ത 8 മത്സ്യത്തൊഴിലാളികൾക്ക് 5,00,000 രൂപ, എന്നിങ്ങനെയാണ് കടാശ്വാസമായി ശുപാര്‍ശ ചെയ്ത തുകകൾ. ജനുവരി 5ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള കടാശ്വാസ അപേക്ഷകളാണ് കമ്മീഷൻ പരിഗണിക്കുന്നത്. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ അംഗം അഡ്വ. വി.വി. ശശീന്ദ്രന്‍, സഹകരണ വകുപ്പില്‍ നിന്നും അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീഷ് കുമാര്‍, സീനിയര്‍ കോ-ഓപ്പറേറ്റീവ് ഓഡിറ്റര്‍ ബിന്ദു സി.വി, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.