ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്, കെ രാജന്, ആര് ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനതലത്തില്‍ കോവിഡ് പ്രതിരോധ ബോധവല്‍ക്കരണം ശക്തമാക്കാനും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. നിലവില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും കൂടുതല്‍ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആവശ്യമായ ഇടങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ (കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍), ഡിസിസികള്‍ (ഡൊമിസൈല്‍ കെയര്‍ സെന്റര്‍) എന്നിവ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആര്‍ആര്‍ടികള്‍ പുനസ്ഥാപിക്കും
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡിന്റെ തുടക്ക കാലത്തുണ്ടായിരുന്നതു പോലെ വാര്‍ഡ് തലത്തിലെ ആര്‍ആര്‍ടികള്‍ പുനസ്ഥാപിക്കാനും കോവിഡ് രോഗികളുടെ ഹോം ഐസൊലേഷനും സമ്പര്‍ക്ക രോഗികളുടെ ക്വാറന്റൈനും ശക്തിപ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിനായി രണ്ടു ദിവസത്തിനുള്ളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. കോവിഡ് വ്യാപനം കൂടിയ ഇടങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ക്വാറന്റൈന് ചെയ്യുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. പ്രത്യേക സാഹചര്യത്തില്‍ ഗ്രാമസഭകള്‍ ഉള്‍പ്പെടെയുള്ള യോഗങ്ങള്‍ ഓണ്‍ലൈനായി ചേരാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
മണ്ഡലം തലത്തില്‍ ചാര്‍ജ് ഉദ്യോഗസ്ഥന്മാര്
എംഎല്‍എമാരുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി നിയമസഭാ മണ്ഡലം തലത്തില്‍ ചാര്‍ജ് ഓഫീസര്‍മാരെ നിയമിക്കും. വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ആളുകളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗങ്ങള്‍ നടത്താനും യോഗം നിര്‍ദ്ദേശം നല്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും ചുമതല നല്കി. പുതിയ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉള്‍പ്പെടെ നോട്ടീസ് നല്‍കിയതായി സിറ്റി പോലിസ് കമ്മീഷണര്‍ ആര് ആദിത്യയും റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ഗ്രെയും അറിയിച്ചു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, എംഎല്‍എമാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, കെ കെ രാമചന്ദ്രന്, മുരളി പെരുനെല്ലി, വി ആര് സുനില്‍ കുമാര്‍, എന്‍ കെ അക്ബര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, മുനിസിപ്പല്‍ അധ്യക്ഷന്മാര്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്, ഡിഎംഒ ഡോ. എന്‍ കെ കുട്ടപ്പന്, ഡിഡിപി ജോസഫ് സെബാസ്റ്റ്യന്‍, ഡിഡിഇ ടി വി മദനമോഹനന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.