തൃശൂർ ജില്ലയിൽ ഈ സാമ്പത്തിക വർഷം തുടക്കമിട്ടത് 5186 സംരംഭങ്ങൾ

7

പുതിയ സംരംഭങ്ങളുടെ ആരംഭത്തിലൂടെ 272.2 കോടി രൂപയുടെ മൂലധന നിക്ഷേപവും 11,208 തൊഴിലവസരങ്ങളും സൃഷ്ടിച്ചു

ജില്ലയിൽ ഈ സാമ്പത്തിക വർഷാരംഭം മുതൽ ഇതുവരെ തുടങ്ങിയത് 5186 പുതിയ സംരംഭങ്ങൾ. സംസ്ഥാനത്ത് 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഒരു ലക്ഷം സംരംഭം ആരംഭിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിക്കാനായത്.

Advertisement

പുതിയ സംരംഭങ്ങളുടെ ആരംഭത്തിലൂടെ 272.2 കോടി രൂപയുടെ മൂലധന നിക്ഷേപവും 11,208 തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.

ഒരുലക്ഷം പുതിയ സംരംഭങ്ങൾ എന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയിലെ 94 തദ്ദേശ സ്ഥാപനങ്ങളിലും വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെയും വിവിധ സർക്കാർ വവകുപ്പുകളുടെ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ലോൺ – ലൈസൻസ് മേളകൾ സംഘടിപ്പിച്ചു.

അഞ്ച് താലൂക്ക് വ്യവസായ ഓഫീസുകളുടെ പരിധിയിലുള്ള 94 തദ്ദേശ സ്ഥാപനങ്ങളിലും ലോൺ മേള സംഘടിപ്പിച്ചു. സംരംഭകർക്ക് വിവിധ ബാങ്കുകളിൽ നിന്ന് അനായാസം വായ്പ ലഭിക്കുന്നതിന് മേളകൾ സഹായകമായി. വായ്പാമേളകളിൽ ലഭിച്ച 698 അപേക്ഷകളിൽ 335 വായ്പകൾ അനുവദിച്ചു. ആകെ 1790.3 ലക്ഷം രൂപയുടെ വായ്പ വിതരണം ചെയ്തു . ബാക്കി അപേക്ഷകൾ സെപ്റ്റംബർ 30 നകം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചു. കൂടാതെ വിവിധ വകുപ്പുകളുടെ ലൈസൻസുകൾക്കായി ലഭിച്ച 528 അപേക്ഷകളിൽ 319 ലൈസൻസുകൾ വിതരണം ചെയ്യാനായി .

കൂടുതൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സെപ്റ്റംബർ 30നകം ജില്ലയിലെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ അവലോകന യോഗം സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് ജില്ലാ വ്യവസായ കേന്ദ്രം. ഈ യോഗങ്ങളിൽ തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, സംരംഭക വർഷവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Advertisement