തൃശൂർ നഗരത്തിൽ കോവിഡിനെ തുരത്താൻ ഡ്രോണിനെ ഇറക്കി കോർപ്പറേഷൻ: കേരളത്തിൽ സംവിധാനം നടപ്പിലാക്കുന്ന ആദ്യ തദ്ദേശ സ്ഥാപനം

42

കോവിഡ് വ്യാപന പ്രതിരോധത്തിൻറെ ഭാഗമായി പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുന്നതിന് തൃശൂര്‍ കോര്‍പ്പറേഷന്‍ അത്യാധുനികവും നൂതനവുമായ സാങ്കേതിക വിദ്യയായ ഡ്രോണ്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സാനിറ്റൈസേഷന്‍ ആരംഭിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ ആയി ജനങ്ങള്‍ വന്നു പോകുന്ന ഇടങ്ങളായ വടക്കെ ബസ് സ്റ്റാന്‍റ്, ശക്തന്‍ സ്റ്റാന്‍റ്, മാര്‍ക്കറ്റുകള്‍, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടം ഈ പദ്ധതി നടപ്പിലാക്കുന്നത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗരുഡ എയറോസ്പേസ് എന്ന സ്ഥാപനമാണ് സൗജന്യമായി കോര്‍പ്പറേഷനു വേണ്ടി സാനിറ്റൈസേഷന്‍ നടത്തി തരുന്നത്. 12 ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള ഡ്രോണ്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ പ്രദേശം കുറഞ്ഞ സമയംകൊണ്ട് സാനിറ്റൈസേഷന്‍ ചെയ്യുന്നതിന് സാധിക്കുന്നതാണ്. അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപ്പോക്ലോറൈഡും സില്‍വര്‍ നൈട്രേറ്റ് ലായനിയുമാണ് ഉപയോഗിക്കുന്നത്. ശക്തന്‍ നഗറിലെ ബസ് സ്റ്റാന്‍റില്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ ഈ സംരംഭത്തിന് തുടക്കം കുറിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ.ഷാജന്‍, വര്‍ഗ്ഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്സണ്‍, കൗണ്‍സിലര്‍മാരായ സി.പി.പോളി, പൂര്‍ണ്ണിമ സുരേഷ്, സെക്രട്ടറി വിനു.സി.കുഞ്ഞപ്പന്‍, അഡീഷണല്‍ സെക്രട്ടറി അരുണ്‍കുമാര്‍.വി.സി. എന്നിവര്‍ പങ്കെടുത്തു. കേരളത്തിൽ ആദ്യമായാണ് ഡ്രോൺ ഉപയോഗിച്ചുള്ള അണുനശീകരണം.