തൃശൂർ നെഹറു നഗർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു: കുടുംബങ്ങൾ നവീകരിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമെന്ന് ആർച്ച് ബിഷപ്പ് മാർ താഴത്ത്

9

തൃശൂർ നെഹറു നഗർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രതിഷ്ഠാ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. ഇന്നാണ് ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്. ഉച്ചക്ക് രണ്ടിന് വത്തിക്കാനിൽ മാർപാപ്പ പ്രഖ്യാപനം നിർവഹിക്കും. സഹചരുടെ നന്മക്ക് വേണ്ടി സ്വയം ഏറ്റെടുക്കുന്ന സഹനങ്ങൾ സമൂഹത്തിന്റെ നന്മക്ക് ഉപകരിക്കുമെന്നും കുടുംബങ്ങൾ നവീകരിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമെന്നും ആർച്ച് ബിഷപ്പ് മാർ താഴത്ത് പറഞ്ഞു. വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, സെമിനാരി റെക്ടർ ഫാ. ലിജോ ജോസഫ്, ഫാ. സജിൻ തളിയൻ എന്നിവർ സഹകാർമ്മികരായിരുന്നു. കൈക്കാരന്മാരായ കുരിയൻ തറയിൽ , കെന്നഡി മഞ്ഞളി, ഏകോപന സമിതി കൺവീനർ സൈമൺ ചിറയത്ത്, ജോസ് പുത്തിശ്ശേരി എന്നിവർ നേതൃത്വം നൽകി.
വിശുദ്ധരായ കൊച്ചു ത്രേസ്വ, ഫ്രാൻസിസ് സേവ്യർ, മദർ തെരേസ എന്നിവരുടെ തിരുസ്വരൂപങ്ങളും ആർച്ച്ബിഷപ്പ് ആശീർവദിച്ചു.

Advertisement

Advertisement