തൃശൂർ പൂരം എല്ലാ പ്രൗഢിയോടെയും നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

14

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് മൂലം കൊണ്ടാടാൻ സാധിക്കാതിരുന്ന തൃശൂർ പൂരം ഇക്കുറി എല്ലാ പ്രൗഢിയോടെയും നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പൂരത്തിന്റെ ഭാഗമായ വെടിക്കെട്ടടക്കം എല്ലാ പരിപാടികളും പൂർണ തോതിൽ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement

തിരുവമ്പാടിയിലും പാറമേക്കാവിലും എട്ട് ഘടകക്ഷേത്രങ്ങളിലും പൂരത്തിന് കൊടിയേറിയതോടെ തൃശൂർ ജില്ല പൂര ആഘോഷങ്ങളിലേക്ക് മാറിയിട്ടുണ്ട്. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയ പ്രദർശനവും അന്നേ ദിവസം ആരംഭിക്കും. 9 ന് രാവിലെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തള്ളി തുറന്ന് പൂര വിളംബരം നടത്തും. 10 ന് രാവിലെ ഘടകപൂരങ്ങളുടെ വരവ് തുടർന്ന് മOത്തിൽ വരവ്, ഇലഞ്ഞിത്തറ മേളം, കുടമാറ്റം തുടങ്ങിയ ചടങ്ങുകൾ നടക്കും.
11 ന് പുലർച്ചെ വെടിക്കെട്ടിന് ശേഷം പകൽ പൂരം നടക്കും. തുടർന്ന് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ ഉപചാരം ചൊല്ലി പിരിയും.

വൻ ജനപങ്കാളിത്തമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. അവസാനവട്ട ക്രമീകരണങ്ങൾ, പരിശോധന എന്നിവ നടന്നു വരികയാണ്. 4000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കും. പൂരത്തിൻ്റെ സുഗമമായ നടത്തിപ്പിനായി സർക്കാർ എല്ലാ പിന്തുണയും ഉറപ്പു നൽകുന്നതായും ദേവസ്വം മന്ത്രി അറിയിച്ചു.

Advertisement