തൃശൂർ പൂരം തിരക്കിൽപ്പെട്ട് നിരവധിയാളുകൾക്ക് പരിക്ക്; കുടമാറ്റത്തിരക്കിനിടയിൽപ്പെട്ട് ഒരാൾ മരിച്ചു; പരിക്കേറ്റവരിൽ പോലീസുകാർ ഉൾപ്പെടെയുള്ളവർ

1607

തൃശൂർ പൂരം തിരക്കിനിടയിൽപ്പെട്ട് വയോധികൻ മരിച്ചു. ചെറായി തൈവളപ്പിൽ വീട്ടിൽ സലീം (62) ആണ് മരിച്ചത്. കുടമാറ്റത്തിന് ശേഷം രാത്രിയിൽ തേക്കിൻകാട് മൈതാനിയിൽ കണ്ടെത്തിയ ഇയാളെ സിവിൽ ഡിഫൻസ് വളണ്ടിയർമാരാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. പൊലീസെത്തി ദേഹ പരിശോധന നടത്തിയതിൽ ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നുമുള്ള വിലാസത്തിൽ ബന്ധപ്പെട്ട് ആളെ സ്ഥിരീകരിച്ചു. പൂരം കാണാനെത്തിയതായിരുന്നു സലീം. പൂരത്തിന് വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലുംപെട്ട് നിരവധിയാളുകൾക്കാണ് പരിക്കേറ്റത്. നിരവധി പേരെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് ആശുപത്രികളിലും പ്രവേശിപ്പിച്ചു. നിരവധിയാളുകൾ തേക്കിൻകാട് മൈതാനിയിൽ സജ്ജമാക്കിയ ആരോഗ്യവകുപ്പിന്‍റെ വിവിധ കൗണ്ടറുകളിൽ ചികിത്സ തേടിയെത്തി. തിരക്കിൽ പെട്ട്​ കൈ കാലുകൾ ഒടിഞ്ഞവരും കൂട്ടത്തിലുണ്ട്​. തേക്കിൻകാട് മൈതാനിയിലെ കൺട്രോൾ റൂമിനോട്​ ചേർന്ന ആരോഗ്യ വകുപ്പിന്‍റെ മുഖ്യകൗണ്ടറിൽ രാത്രി എട്ടോടെ തന്നെ ചികിത്സ തേടി നൂറോളം പേരെത്തി. ആളുകളുടെ തിരക്കിൽ പൊലീസ് ബാരിക്കേടുകൾ തകർന്നും മറ്റും വീണവരുടെ കാലുകളാണ്​ പൊട്ടിയത്​​. ഇതോടൊപ്പം നെഞ്ചുവേദനയെ തുടർന്ന്​ ചികിത്സ തേടിയ എ.ആർ ക്യാമ്പിലെ എസ്​.ഐയെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക്​ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും നേരിയ തോതിൽ പരിക്കേറ്റിരുന്നു. ആരോഗ്യ വകുപ്പിന്‍റെയും ആക്ട്സിൻറെയും ആംബുലൻസുകൾ പൂരനഗരിയിലുണ്ട്.

Advertisement
Advertisement