തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: പോലീസ് മാർഗനിർദേശം പുറപ്പെടുവിച്ചു, കാണികൾക്ക് അനുമതി 100 മീറ്റർ ദൂരത്തിൽ മാത്രം, തൃശൂരിൽ ഗതാഗത നിയന്ത്രണം; നഗരത്തിൽ 124 അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ, പട്ടിക പുറത്ത് വിട്ടു, ചെമ്പോട്ടിൽ ലെയിൻ എമർജൻസി റൂട്ട്

41

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച രാവിലെ മുതൽ സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് പ്രദേശത്തും വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിപ്പ്. ഉച്ചക്ക് മൂന്ന് മണിമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമുതൽ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്ന് കമ്മീഷണർ അറിയിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നും 100 മീറ്റർ അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കൂ. അതിനാൽ സ്വരാജ് റൗണ്ടിൽ, നെഹ്റുപാർക്കിനു മുൻവശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷൻ, ഇന്ത്യൻ കോഫി ഹൌസ് വരെയുള്ള ഭാഗങ്ങളിൽ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളിൽ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകൾ വരെ മാത്രമേ കാണികളെ അനുവദിക്കൂ. നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കാണികൾ കയറുന്നത് നിരോധിച്ചു. നിർമാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നിർമ്മിച്ചതുമായ കെട്ടിടങ്ങളിൽ കാണികൾ പ്രവേശിക്കരുതെന്ന് വ്യക്തമാക്കിയ പൊലീസ് നഗരത്തിലെ 124 അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക പുറത്ത് വിട്ടു. വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലേക്ക് വരുന്നവർ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗൗണ്ടുകളിൽ പാർക്ക് ചെയ്യണം. തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാർക്കിങ്ങ് ഗ്രൗണ്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പൊലീസ് സേവനവും ലഭിക്കും. ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി രണ്ട് അസി. കമ്മീഷണറുടെ കീഴിൽ, എട്ട് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് ടീമും സുരക്ഷാ പട്രോളിങ്ങിലുണ്ട്. തൃശൂർ പൂരം വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയ്യറ്ററിനു സമീപമുള്ള ചെമ്പോട്ടിൽ ലൈൻ എമർജൻസി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, ഈ റോഡിൽ വാഹനങ്ങൾ ഉൾപ്പെടെ യാതൊരു തടസങ്ങളും അനുവദിക്കില്ല.

Advertisement

എമർജൻസി ടെലിഫോൺ നമ്പറുകൾ.

തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം. 0487 2424193
തൃശൂർ ടൌൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ. 0487 2424192
തൃശൂർ ട്രാഫിക് പൊലീസ് യൂണിറ്റ് 0487 2445259

ഗതാഗത ക്രമീകരണം

പാലക്കാട്, പീച്ചി, മാന്ദാമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തുനിന്നും സർവ്വീസ് നടത്തുന്ന ബസുകൾ ബിഷപ്പ് പാലസ് വഴി വടക്കേസ്റ്റാൻഡിലേക്ക് എത്തണം. ചേലക്കര, ഷൊർണൂർ, വടക്കാഞ്ചേരി, മെഡിക്കൽകോളേജ്, ചേറൂർ, തുടങ്ങിയ ബസുകൾ വടക്കേസ്റ്റാൻഡ് വരെ മാത്രമേ സർവ്വീസ് നടത്താവൂ. കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ ബസ്സുകൾ പടിഞ്ഞാറേകോട്ടയിലുള്ള താൽക്കാലിക ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച്, അയ്യന്തോൾ വഴി തിരികെ സർവ്വീസ് നടത്തണം.
വാടാനപ്പിള്ളി, കാഞ്ഞാണി ബസുകൾ പടിഞ്ഞാറേകോട്ടയിൽ സർവ്വീസ് അവസാനിപ്പിക്കണം. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചേർപ്പ് ബസുകൾ ബാല്യ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി ബസ്സുകൾ മുണ്ടുപാലം ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയഭാര വാഹനങ്ങൾ ഒഴികെയുള്ളവ മുണ്ടൂർ, കൊട്ടേക്കാട്, വിയ്യൂർ പാലം, പൊങ്ങണംക്കാട്, ചിറക്കോട്, മുടിക്കോട് വഴി പോകാവുന്നതാണ്.

കെ.എസ്.ആർ.ടി.സി സർവ്വീസുകൾ
ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന എല്ലാ ബസുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി പോകേണ്ടതാണ്. കോഴിക്കോട്, കുന്നംകുളം ഭാഗങ്ങളിൽ നിന്നും വരുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും ശങ്കരയ്യ റോഡിലൂടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പ്രവേശിക്കണ്ടതാണ്.
ഓർഡിനറി K.S.R.T.C ബസുകൾ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കണം.

പാർക്കിങ് കേന്ദ്രങ്ങൾ
പറവട്ടാനി ഗ്രൗണ്ട്, തോപ്പ് സ്കൂൾ ഗ്രൗണ്ട്, പള്ളിക്കുളം ഗ്രൗണ്ട്, ശക്തൻ കോർപ്പറേഷൻ ഗ്രൗണ്ട്, ഇക്കണ്ടവാര്യർ റോഡ് ആലുക്കാസ് പാർക്കിങ് ഗ്രൗണ്ട്, കുറുപ്പം റോഡ് പേ ആൻഡ് പാർക്ക് ഗ്രൗണ്ട്, ജോയ് ആലുക്കാസ് ഗ്രൗണ്ട് (പഴയ സപ്ന തിയേറ്റർ), നേതാജി ഗ്രൗണ്ട് അരണാട്ടുകര, കൊച്ചിൻ ദേവസ്വം ബോർഡ് പള്ളിത്താമം പാർക്കിങ് ഗ്രൗണ്ട്, അക്വാട്ടിക് കോംപ്ളക്സിന് സമീപം താൽക്കാലിക ബസ് സ്റ്റാൻഡ് ഗ്രൗണ്ട്.

Advertisement