തൃശൂർ മാനസീകാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ അധിക്ഷേപിച്ച കോൺഗ്രസ് കൗൺസിലറെ അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കെ.ജി.എം.ഒയുടെ പ്രതിഷേധം; കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട പ്രത്യക്ഷ സമര പരിപാടികളിലേക്ക്, കൗൺസിലർക്ക് അധികാര ഗർവെന്ന് ഡോ.അസീന

88

തൃശൂർ മാനസീകാരോഗ്യകേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒ.പിയിലേക്ക് അതിക്രമിച്ച് കയറി ഡോക്ടറെ അധിക്ഷേപിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ജീവനക്കാരെ തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെതിരെ കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒയുടെ പ്രതിഷേധം. മാർച്ച് 20നാണ് സംഭവം. ആശുപത്രിയിലെത്തി മാസ്ക്ക് താടിയിൽ ധരിച്ച് ഡ്യൂട്ടിയിലുള്ള സൈക്യാട്രിസ്റ്റ് ഡോ.ശാഗിനയോടാണ് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ അധിക്ഷേപ പ്രവൃത്തി ചെയ്തത്. മാസ്ക്ക് ധരിക്കാൻ നിർദ്ദേശിച്ച ഡോക്ടറോട് കൗൺസിലർ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയായിരുന്നുവത്രെ. ഡോക്ടറെ പേപ്പട്ടിയെന്ന് വിളിച്ചതായും ഡോക്ടറെ നിറത്തിൻറെ പേരിൽ അധിക്ഷേപിച്ചതായും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കെ.ജി.എം.എ ഭാരവാഹികൾ തൃശൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഡോക്ടർക്കെതിരെ രണ്ട് പരാതികൾ പോലീസ് സ്റ്റേഷനിൽ കൊടുത്തെങ്കിലും പരിശോധനയിൽ അസത്യമാണെന്ന് ബോധ്യപ്പെട്ട പോലീസ് പരാതികൾ തള്ളി. സംഭവത്തിൽ അന്ന് തന്നെ കൗൺസിലർക്കെതിരെ പരാതി നൽകിെയങ്കിലും പോലീസ് കേസെടുത്തത് 22നാണ്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിൽ പോലീസ് കേസ് ചാർജ്ജ് ചെയ്തെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്തില്ലെന്ന് ഡോക്ടർമാരുടെ സംഘടനാ ഭാരവാഹികൾ കുറ്റപ്പെടുത്തി. പോലീസിൽ നിന്നുണ്ടായ നിരാശാജനകമായ സമീപനത്താലാണ് വിഷയത്തിൽ പ്രകടമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്ന് പ്രസിഡണ്ട് ഡോ.അസീന പറഞ്ഞു. പകർച്ചവ്യാധി പടർന്നു പിടിച്ചിരിക്കുന്ന സമയത്ത് കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ജനങ്ങളെ ഓർമ്മിക്കേണ്ടത് ഒരു ഡോക്ടറുടെ ചുമതലയാണ്. ഓരോ ജനങ്ങളുടെയും ചുമതലയാണ്. അതാണ് ഡോക്ടർ ശാഗിന നിർവഹിച്ചതെന്നും എന്നാൽ അധികാര ഗർവിൽ അന്ധയായ കൗൺസിലർ തനിക്ക് പ്രത്യേക പരിഗണന കിട്ടണമെന്നും, തനിക്ക് കോവിഡ് പ്രോട്ടോകോൾ തെറ്റിക്കാം എന്നും, തനിക്ക് ഒരു ഡോക്ടറെ തൊലിയുടെ നിറം പറഞ്ഞ് അധിക്ഷേപിക്കാനും, ഒരു മൃഗത്തിനോട് ഡോക്ടറെ ഉപമിക്കാം എന്നും, സ്വജനപക്ഷപാതം കാണിക്കാത്തതിന് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്താനും കഴിയുമെന്നും കാണിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയിൽ ഭൂഷണമല്ലെന്നും അത്യന്തം അനീതിയാണെന്നും കെ.ജി.എം.ഒ പറഞ്ഞു. കേസ് നിയമപരമായി നേരിടും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഡോ.വി.ഐ അസീനയെ കൂടാതെ, സെക്രട്ടറി ഡോ.വി.പി വേണുഗോപാൽ, ഡോ.ജിൽഷോ ജോർജ്ജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.