തൊഴിലന്വേഷകര്‍ക്ക് നൈപുണ്യം നല്‍കി സംരംഭകത്വ ശേഷി പ്രോത്സാഹിപ്പിക്കും: മന്ത്രി ആര്‍ ബിന്ദു; തൊഴില്‍ വൈദഗ്ധ്യം നേടി 1800 പേര്‍

5

തൊഴിലന്വേഷകര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി അവരുടെ സംരംഭകത്വ ശേഷി പ്രോത്സാഹിപ്പിക്കുക എന്നത് പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് വിവിധ നൈപുണ്യ വികസന പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ സ്‌കില്‍ കോണ്‍വൊക്കേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Advertisement

വൈദഗ്ധ്യ പോഷണത്തിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 20 ലക്ഷം യുവതീ-യുവാക്കള്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് തൊഴില്‍ക്ഷമതയുള്ള സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിന്. തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളാണ് ഇതിന് സഹായകമായതെന്നും മന്ത്രി പറഞ്ഞു.

സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ ഏറെ മുന്നിലാണ് കേരളം. പ്രത്യേകിച്ച് സ്ത്രീ സാക്ഷരതയില്‍. ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ സ്ത്രീകളുടെ എണ്ണം ഉയരുമ്പോഴും അവരില്‍ തൊഴില്‍ മേഖലയിലേയ്ക്ക് കടക്കുന്നവര്‍ കുറവാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വൈദഗ്ധ്യത്തിന്റെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. ഈ പ്രതിസന്ധിയെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അസാപ്പ് പോലുള്ള ഏജന്‍സികളുമായി ചേര്‍ന്ന് നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

തൊഴില്‍ നൈപുണ്യത്തിനായി 133 ഓളം കോഴ്‌സുകളാണ് അസാപ്പ് നടപ്പിലാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ കുടുംബശ്രീക്കുള്ള ഗ്രാഫിക് ഡിസൈന്‍ കോഴ്‌സ് വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം സാധ്യതകളെല്ലാം ഉപയോഗിച്ച് സ്വയം പര്യാപ്തരാകാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

കെ ഡിസ്‌കിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ ഫോഴ്‌സ് മാനേജ്‌മെന്റ് സംവിധാനം തൊഴില്‍ അന്വേഷകരെയും തൊഴില്‍ദായകരെയും സ്‌കില്‍ ഏജന്‍സികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണ്. അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും തൊഴില്‍ദായകരെ കണ്ടെത്താനും ഇതിലൂടെ സാധിക്കും. വിവിധ തൊഴില്‍ മേഖലകളെ പരിചയപ്പെടാനും കണ്ടെത്താനും നൈപുണ്യം ആര്‍ജ്ജിക്കാനും ആത്മവിശ്വാസത്തോടെ സംരംഭം തുടങ്ങാനുമുള്ള ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ക്കായി സംസ്ഥാനത്ത്
ഉടനീളം ആരംഭിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിനായി ഇതിനകം 14 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മേഖലയെ സമൂലം പരിഷ്‌കരിച്ച് പഠനസമയത്ത് തന്നെ സ്‌കില്‍ നേടിയെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. യുവതികള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത പ്ലംബിംഗ്, ഇലക്ട്രീഷന്‍ മേഖലകളില്‍ പരിശീലനം നേടിയവരെ മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. വിവിധ തൊഴില്‍ മേഖലകളിലേയ്ക്ക് ആത്മവിശ്വസത്തോടെ കടന്നുചെല്ലാന്‍ നൈപുണ്യ വികസന പരിശീലനം സഹായിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ജില്ലാതല തൊഴില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. വിവിധ തൊഴില്‍ മേഖലകളില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 500 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചടങ്ങില്‍ നടന്നു. തയ്യല്‍ പരിശീലനം, ഭക്ഷ്യ സംസ്‌കരണം, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍, പ്ലമ്പിംഗ്, ബ്യൂട്ടിഷന്‍ തുടങ്ങി വിവിധ കോഴ്‌സുകളിലാണ് പരിശീലനം. 15-45നും ഇടയില്‍ പ്രായമുള്ളവരാണ് പരിശീലനത്തിന്റെ ഭാഗമായത്. ജില്ലയില്‍ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 1800 പേരാണ് ഓരോ വര്‍ഷവും ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ പരിശീലിപ്പിക്കുന്നത്. 20 പേരടങ്ങുന്ന 90 ബാച്ചുകളാണുള്ളത്.

റീജിയണല്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ സുനിത പ്രമോദ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ സുധാ സോളമന്‍, കേരള വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ ബേബി റാം, നിപ്മര്‍, കോസ്റ്റ്‌ഫോര്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സി ചന്ദ്രബാബു, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷോബി, അസി.വ്യവസായ വികസന ഓഫീസര്‍ അജിത്ത് എന്നിവര്‍ പങ്കെടുത്തു.

Advertisement