ത്രില്ലടിച്ച് ലൂസിഫർ: സർക്കാരിന്റെ അഴിമതി വിരുദ്ധ വെബ്സൈറ്റിന് പേര് ‘ജനജാഗ്രത’ വന്നത് തൃശൂരിൽ നിന്ന്

478
5 / 100

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ വരുമ്പോൾ ലൂസിഫർ ഉറക്കത്തിലായിരുന്നു…. പിന്നീട് ഫോൺ നോക്കിയപ്പോൾ രണ്ട് മിസ്ഡ് കോളുകൾ തിരുവനന്തപുരം കോഡിൽ കിടക്കുന്നുണ്ട്. വൈകീട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ടി.വിയിൽ കാണുമ്പോഴാണ് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് തെളിവുകള്‍ സഹിതം നല്‍കാനായി ആരംഭിക്കുന്ന വെബ്‌സൈറ്റിന്‌ ‘ജനജാഗ്രത’ പേര് ഇട്ടിരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. ഇതിനിടയിൽ മെയിൽ പരിശോധിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സന്ദേശമെത്തിയിരിക്കുന്നു. രണ്ട് തവണ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. താങ്കൾ നിർദ്ദേശിച്ച ജനജാഗ്രത പേര് വെബ്സൈറ്റിന് പരിഗണിക്കുകയാണ്. പൂർണ്ണമായ വിലാസം അറിയിക്കണമെന്നായിരുന്നു സന്ദേശം. താൻ നിർദ്ദേശിച്ച പേര് മുഖ്യമന്ത്രി പരിഗണിച്ചതിന്റെ ത്രില്ലിലാണ് ലൂസിഫർ. തൃശൂർ അരണാട്ടുകര പൂത്തോൾ സ്വദേശി ലൂസിഫർ നിർദ്ദേശിച്ച പേരാണ് ജനജാഗ്രതയെന്ന്. അഴിമതിമുക്ത കേരളം ലക്ഷ്യം വെച്ച് പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ളതാണ് വെബ്സൈറ്റ്. വെബ്സൈറ്റിന്‍റെ പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങളോട് അഭ്യർഥിച്ചിരുന്നു. 740ഓളം ആളുകളാണ് വിവിധ പേരുകള്‍ നിര്‍ദേശിച്ചത്. അതില്‍ നിന്നാണ് ജനജാഗ്രത എന്ന പേര് തെരഞ്ഞെടുത്തത്. അതിൽ തന്നെ ഏഴ് പേര്‍ ജനജാഗ്രത എന്ന പേര്‍ നിര്‍ദേശിച്ചിരുന്നു. അതില്‍ ആദ്യം നിര്‍ദേശിച്ചത് ലൂസിഫർ ആയിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും രണ്ട് തവണ ഫോണിൽ വിളിച്ചുവെങ്കിലും അറിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പിന്നീട് ഈ മെയിലിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശിച്ച പേര് അംഗീകരിക്കുകയാണെന്നും പൂർണ്ണമായ വിലാസമുൾപ്പെടെ ഓഫീസിലേക്ക് അറിയിക്കാനും നിർദ്ദേശിച്ച അറിയിപ്പ് ലഭിച്ചത്. ഐ.ടി വിദഗ്ദനായ ലൂസിഫർ സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ഐ.ടി സംഘടനാ പ്രവർത്തകനാണ് ഇ നെറ്റ് വാഷ്മേറ്റ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റ് മുഖാന്തിരം അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാം. വെബ്സൈറ്റില്‍ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പില്‍ ഏതു ലെവലില്‍ അഴിമതി നടന്നാലും ജനങ്ങള്‍ക്കത് അറിയിക്കാന്‍ സാധിക്കും. അത്തരം വിവരങ്ങളുടെ അഴിമതിക്കെതിരെ ആദ്യഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും വേഗത്തില്‍ സ്വീകരിക്കാന്‍ കഴിയുമെന്നാണ് സർക്കാർ വാദം. സ്മാര്‍ട്ട് ഫോണ്‍ വഴി ഏതൊരാള്‍ക്കും അഴിമതിമുക്ത കേരളത്തിനായി ഇടപെടനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത.