നഗരത്തിൽ കുടിവെള്ളം കിട്ടാനില്ല: ഒഴിഞ്ഞ കുടവുമായി കോൺഗ്രസ് അംഗങ്ങൾ കൗൺസിലിൽ പ്രതിഷേധിച്ചു; നഗരത്തിൽ അനധികൃതമായ കേബിൾ വലിക്കുന്നതിൽ അന്വേഷണം വേണമെന്ന് ജോൺ ഡാനിയേൽ, അന്വേഷണം പ്രഖ്യാപിച്ച് മേയർ

318
4 / 100

കോർപ്പറേഷൻ പരിധിയിലും സമീപ പഞ്ചായത്തുകളിലും നാല് ദിവസമായി കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ കാലികുടവും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. നാല് ദിവസം തുടർച്ചയായി കുടിവെള്ളം മുടങ്ങിയിട്ടും പര്യാപ്തമായ സമാന്തര സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ കൗൺസിൽ യോഗത്തിൽ പറഞ്ഞു. നഗരത്തിൽ കിഴക്കുംപാട്ടുകര ഉൾപ്പെടെയുള്ള പല ഡിവിഷനുകളിലും കഴിഞ്ഞ കുറേ മാസങ്ങളായി പകൽ കുടിവെള്ളം വിതരണം കിട്ടാക്കനിയാണ്. വാട്ടർ അതോറിട്ടി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.

നഗരത്തിൽ റോഡുകൾ കുഴിച്ച് ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇടുന്നതിൽ വൻ അഴിമതി നടക്കുന്നതായി കൗൺസിൽ യോഗത്തിൽ നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. കോട്ടപ്പുറത്ത് കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം അറിയാതെ കിലോമീറ്ററുകളോളം ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ചിട്ടും കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം അറിയാതെ പോയത് അഴിമതി നടന്നിട്ടുള്ള തെളിവാണ്. അനധികൃതമായി കേബിൾ വലിച്ച് സംഭവത്തിൽ അന്വേഷണം വേണമെന്ന് ജോൺ ഡാനിയൽ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ഉടൻ തന്നെ സെക്രട്ടറിയിൽ നിന്നും വിശദീകരണം തേടിയ മേയർ വിഷയത്തിൽ അന്വേഷണമുണ്ടാകുമെന്നും വ്യക്തമാക്കി. അടുത്ത കൗൺസിലിന് മുമ്പ് ബന്ധപ്പെട്ട എ.ഇയുടെ വിശദീകരണമുൾപ്പെടെ നൽകണമെന്ന് പൊതുമരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകി.

കോർപ്പറേഷനിൽ നിന്ന് റെസിഡൻസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വലിയ കാലതാമസം ആണ് ഇപ്പോൾ ഉള്ളത് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ കൗൺസിൽ യോഗത്തിൽ പറഞ്ഞു. നേരത്തെ ഇരുപത്തിനാല് മണിക്കൂറിനകം ലഭിച്ചിരുന്ന റസിഡൻസ് സർട്ടിഫിക്കറ്റ് ഇപ്പോൾ 15 ദിവസം കഴിഞ്ഞാലും കിട്ടാത്ത സാഹചര്യമാണ്. ഇതുമൂലം അപേക്ഷകർക്ക് വിവിധ ആവശ്യങ്ങൾക്കായി റസിഡൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിരവധി അപേക്ഷകൾ ഇപ്പോഴും കോർപ്പറേഷനിൽ കെട്ടിക്കിടക്കുകയാണ്.