നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ ആരോഗ്യ രംഗം വളർന്നുവെന്ന് ആരോഗ്യ മന്ത്രി: ജനറൽ ആശുപത്രിയിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

9
4 / 100

നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ ആരോഗ്യ രംഗത്ത് വളർച്ച കൈവരിക്കാൻ കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ.
മറ്റ് സംസ്ഥാനങ്ങളെക്കാൾ ജീവിത ശൈലി രോഗങ്ങൾ പടർന്ന് പിടിക്കാൻ സാധ്യതയുള്ള കേരളത്തിൽ നിരന്തര ജാഗ്രതയോടെയുള്ള ഇടപെടലിനെ തുടർന്നാണ് കോവിഡ് മരണം കുറയ്ക്കാൻ കഴിഞ്ഞതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഒന്നാം ഘട്ടം, കാത്ത് ലാബ്, കാഷ്വലിറ്റി നവീകരണം, ഡി ഇ ഐ സി പുനരുദ്ധാരണം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് കോവിഡ് കാലത്ത് കൃത്യമായി തടസമില്ലാതെ മരുന്ന് ലഭ്യമാക്കാൻ കഴിഞ്ഞു. വാക്സിൻ വിതരണം സംസ്ഥാനത്ത് തുടങ്ങിയെങ്കിലും ഫലം ലഭ്യമാക്കാൻ സമയമെടുക്കും. ജനങ്ങൾ ജാഗ്രത കൈവിടാതെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൻ്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് ആരോഗ്യ മന്ത്രി തുടക്കം കുറച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ
കൃഷിമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

ജില്ലാ ജനറൽ ആശുപത്രിയിൽ കിഫ്‌ബിയിൽ നിന്ന് 8 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കാത്ത്‌ലാബ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ
നാടിന് സമർപ്പിച്ചു. ഇതോടെ ജില്ലയിൽ ഗവ. മെഡിക്കൽ കോളേജിന് പുറമേ, കാത്ത്‌ ലാബ് സംവിധാനമുള്ള രണ്ടാമത്തെ സർക്കാർ ആശുപത്രിയായി ജില്ലാ ജനറൽ ആശുപത്രി മാറി. ആധുനിക സംവിധാനങ്ങളോടെ കാത്ത്ലാബ് പ്രവർത്തന സജ്ജമാകുന്നതോടെ ജില്ലയിലെയും സമീപ ജില്ലകളിലെയും പാവപ്പെട്ട രോഗികൾക്ക് ഹൃദയശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഹൃദ്രോഗ ചികിത്സകൾക്ക് സൗകര്യം ലഭിക്കും.

സാമ്പത്തിക പരാധീനതകൾ മൂലം ഹൃദ്രോഗത്തിന് വിദഗ്ധ ചികിത്സ ലഭിക്കാത്ത സ്ഥിതിവിശേഷവും ഇല്ലാതാകും. നിർധന രോഗികൾക്ക് വലിയ ആശ്വാസകരമാകും ഇത്.

ഇതിനുപുറമേ സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ് നിർമിക്കുന്നതിന് ഒന്നാംഘട്ടത്തിൽ 7.25 കോടി രൂപ അനുവദിക്കുകയും നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു. രണ്ടാംഘട്ട നിർമാണത്തിന് 9.25 കോടി രൂപ അനുവദിച്ച്‌ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. കാഷ്വാലിറ്റിയുടെ നവീകരണത്തിനായി 25 ലക്ഷം രൂപ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിക്കുകയും നവീകരണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ ജനറൽ ആശുപത്രിയുടെ സമഗ്രവികസനത്തിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനായി ഹൈറ്റ്സ് എന്ന കൺസൾട്ടൻസിയെ നിയമിച്ച് വിശദമായ പ്രോജക്ട് തയ്യാറാക്കി. 86 കോടി രൂപയുടെ പ്രൊജക്റ്റ് കിഫ്‌ബിയിൽ സമർപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ പദ്ധതികൾ കൂടി അംഗീകരിച്ച പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ ജില്ലാ ജനറൽ ആശുപത്രി ആരോഗ്യ രംഗത്ത് മികവിൻ്റെ കേന്ദ്രമായി മാറും.

കെ എം എസ് സിഎൽ എം ഡി. എ.ആർ അജയകുമാർ, ഡിഎംഒ ഡോ. കെ.ജെ. റീന, ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ശ്രീദേവി, മേയർ എം.കെ.വർഗ്ഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ലാലി ജെയിംസ് എന്നിവർ പങ്കെടുത്തു.