നവകേരളത്തിന് ജനകീയാസൂത്രണം, ആഘോഷവുമായി വടക്കാഞ്ചേരി ബ്ലോക്ക്

12

സംസ്ഥാനത്ത് ജനകീയാസൂത്രണ പ്രസ്ഥാനം നിലവില്‍ വന്നിട്ട് 25 വര്‍ഷം പിന്നിടുന്ന വേളയില്‍ ആഘോഷവുമായി വടക്കാഞ്ചേരി ബ്ലോക്ക്. വടക്കാഞ്ചേരിയുടെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പേകാന്‍ ജനകീയാസൂത്രണത്തിന് കഴിഞ്ഞിട്ടുണ്ട്.
ബ്ലോക്ക്തല ആഘോഷങ്ങളുടെ ഉദ്ഘാടനം എം എല്‍ എ സേവിയര്‍ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ അധ്യക്ഷയായിരുന്നു. ചടങ്ങില്‍ മുന്‍കാല ബ്ലോക്ക് പ്രവര്‍ത്തകരെ ആദരിച്ചു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തില്‍ 1996ല്‍ നടപ്പിലാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ചെലവിനായി മാറ്റിവെയ്ക്കുകയുണ്ടായി. സാമ്പത്തിക വികേന്ദ്രീകരണത്തിന് പുറമെ വികസനപരിപാടികള്‍ വിഭാവനം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെത്തിക്കുക വഴി സമ്പൂര്‍ണ ജനാധിപത്യം കൈവരിക്കുകയാണ് ജനകീയാസൂത്രണത്തിന്റെ ലക്ഷ്യം. ത്രിതല പഞ്ചായത്തുകളെ യഥാര്‍ത്ഥ സ്വയംഭരണ സ്ഥാപനങ്ങളാക്കുകയും അവയെ പ്രാദേശിക സര്‍ക്കാരുകളായി രൂപപ്പെടുത്തുകയും ചെയ്യുക, നാള്‍ക്കുനാള്‍ വര്‍ധിച്ച് വന്നിരുന്ന അധികാര കേന്ദ്രീകരണത്തിന് പകരം അധികാര വികേന്ദ്രീകരണത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ജനകീയാസൂത്രണത്തിന്റെ ലക്ഷ്യം.