നവീകരണം പൂർത്തിയാക്കിയ അയ്യന്തോൾ അപ്പൻ തമ്പുരാൻ സ്മാരക വായനശാല സമർപ്പിച്ചു

10
5 / 100

അയ്യന്തോൾ പഞ്ചിക്കലിലുള്ള അപ്പൻ തമ്പുരാൻ സ്മാരക വായനശാല കെട്ടിടത്തിൽ നിർമ്മിച്ച ഒന്നും രണ്ടും നിലകളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു.
എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 2018 -19 വാർഷിക കാലയളവിൽ അനുവദിച്ച
35.50 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. 1200 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച രണ്ട് നിലകളിൽ ഒന്നാം നിലയിൽ കമ്പ്യൂട്ടർ മുറിയും വിസ്തൃതിയേറിയ ലൈബ്രറി ഹാളും ഒരുക്കിയിരിക്കുന്നു. രണ്ടാം നിലയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മീറ്റിംഗ് ഹാളും സജ്ജമാക്കിയിരിക്കുന്നു.

മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായിരുന്ന രാമവർമ്മ അപ്പൻ തമ്പുരാന്റെ സ്മരണക്കായി 1946 ലാണ് വായനശാല ആരംഭിച്ചത്. മാതൃകാപരമായ സാംസ്കാരിക പ്രവർത്തനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധ ആകർഷിക്കാൻ വായനശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ ഈ ലൈബ്രറിക്ക്‌ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എപ്ലസ് പദവി ലഭിച്ചിട്ടുണ്ട്.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഡിവിഷൻ കൗൺസിലർ മേഫി ഡെൽസൺ, താലൂക്ക് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ ജി പ്രകാശ്,
വായനശാല സെക്രട്ടറി രാജൻ എ പി, പ്രസിഡൻ്റ് എൻ ശങ്കുണ്ണിമേനോൻ തുടങ്ങിയവർ പങ്കെടുത്തു.