നവീകരിച്ച ചാവക്കാട് ബീച്ച് നാടിന് സമർപ്പിച്ചു

17
5 / 100

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാവക്കാട് ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഓൺലൈനായി നടന്ന പരിപാടിയിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബീച്ച് നാടിന് സമർപ്പിച്ചു. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന ആളുകളെയും ടൂറിസ്റ്റുകളെയും ആകർഷിക്കുന്നതിന് വേണ്ടി 2016ൽ ആരംഭിച്ച ചാവക്കാട് ബീച്ച് ടൂറിസം പദ്ധതിയുടെ അവസാനഘട്ട പ്രവർത്തനങ്ങളാണ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്.

സംസ്ഥാന ടൂറിസം വകുപ്പ് ഫണ്ടായ 2.5 കോടി രൂപ ചിലവിലാണ് ബീച്ച് നവീകരണം പൂർത്തിയാക്കിയത്. ഷോപ്പുകൾ, കുടിവെള്ള കിയോസ്ക്, ഷെൽട്ടറുകൾ, ലാൻഡ് സ്കെപ്പിങ്, 7 സ്റ്റാളുകൾ, ടോയ്ലറ്റ് ബ്ലോക്ക്, പുതിയ വിളക്കുകൾ, റെയിൻ ഹാർവെസ്റ്റിംഗ് ടാങ്ക്, ഏറോബിക് സോളിഡ് വേസ്റ്റ് മാനേജ്മെന്റ്, പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിക്കുന്നതിനുള്ള ഷെഡ്, പ്ലംബിംഗ് എന്നിവയാണ് നിർമ്മിച്ചത്. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല.

കെ വി അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, ഡി പി സി സെക്രട്ടറി ഡോ. കവിത, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.