നാടിന് കരുതലിന്റെ താങ്ങായി ‘സമന്വയ’: വാർഡിലെ മുഴുവൻ വീടുകളിലേക്കും ഭക്ഷ്യകിറ്റുകൾ; അണുനശീകരണവും, മറ്റ് സേവന പ്രവർത്തനങ്ങളും തുടരുന്നു, ജനതയുടെ ഹൃദയത്തിലേറി യുവതയുടെ പ്രയാണം

20

മഹാമാരിയുടെ ദുരിതകാലത്ത് നാടിന് കരുതലും താങ്ങുമൊരുക്കി പുറ്റേക്കര സമന്വയ യുവസമിതിയും ഡി.വൈ.എഫ്.ഐയും. കൈപ്പറമ്പ് പഞ്ചായത്തിലെ നാലാം വാർഡിലെ മുഴുവൻ വീടുകളിലേക്കും ഭക്ഷ്യകിറ്റുകളെത്തിച്ചാണ് സംഘടന ദുരിതകാലത്തെ കൈതാങ്ങാവുന്നത്. കോവിഡ്മുക്തരായ വീടുകളിൽ അണുനശീകരണ പ്രവൃത്തികളും, അടിയന്തര സേവന പദ്ധതികളും ഇതിനൊപ്പം സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ഒന്നാം കോവിഡ് പ്രതിസന്ധി കാലത്തും രണ്ടാം കോവിഡ് വ്യാപനമുണ്ടായപ്പോഴും ഭക്ഷ്യകിറ്റുകളും പദ്ധതികളുമായി സമന്വയ സജീവമായിരുന്നു. അതിൻറെ തുടർച്ചയായാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങളും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഭക്ഷ്യകിറ്റ് വിതരണത്തിൻറെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ ആർ.ആർ.ടി അംഗത്തിന് കൈമാറി നിർവഹിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.ഉഷ ടീച്ചർ, വൈസ് പ്രസിഡണ്ട് കെ.എം.ലെനിൻ, വാർഡ് അംഗം ലിൻറി ഷിജു, സി.പി.എം കൈപ്പറബ് ലോക്കൽ സെക്രട്ടറി ഷാജു ജോസ്, സമന്വയ യുവസമിതി പ്രസിഡണ്ട് സി.ആർ.സുദർശൻ, കെ.പി.സാൻറോ, എം.എസ് സനൂപ് എന്നിവർ സംസാരിച്ചു. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുൾപ്പെടെ സജീവമാണ് സമന്വയ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ.