നാട്ടുചന്തയൊരുക്കി കടവല്ലൂർ പഞ്ചായത്ത്

7

വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുചന്തയൊരുക്കി മാതൃകയാകുകയാണ് കടവല്ലൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും സംയുക്തമായാണ് പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള കുടുംബശ്രീ ഷോപ്പിയോട് ചേർന്ന് നാട്ടുചന്ത ഒരുക്കിയിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച 75,000 രൂപ വിനിയോഗിച്ചാണ് പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയത്.

Advertisement
IMG 20221116 WA0094

കുടുംബശ്രീ ജെ എൽ ജി അംഗങ്ങളുടെ വീടുകളിൽ ഉണ്ടാക്കുന്ന വെണ്ടയ്ക്ക, കുമ്പളങ്ങ, മത്തങ്ങ, വെള്ളരി, ചേന, ചേമ്പ്, കൊള്ളി, പയർ ,കൂർക്ക, ചീര, മുരിങ്ങയില, കുടംപുളി, തൈര്, കോഴിമുട്ട എന്നിങ്ങനെ എല്ലാവിധ നാടൻ പച്ചക്കറികളും ഉത്പന്നങ്ങളും മിതമായ നിരക്കിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇവിടെ ലഭ്യമാകും. കുടുംബശ്രീ മാസ്റ്റർ ഫാർമർ ജിൻഷയുടെ മേൽനോട്ടത്തിലാണ് ചന്ത നടത്തുന്നത്.

പ്രാദേശികമായി കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും പഞ്ചായത്തിൽ വേദിയൊരുക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും വരുംദിവസങ്ങളിൽ കരകൗശല വസ്തുക്കളുടെ വിപണനവും ഒരുക്കാൻ പഞ്ചായത്ത് ഉദ്ദേശിക്കുന്നതായും പഞ്ചായത്ത് പ്രസിഡൻറ് പി ഐ രാജേന്ദ്രൻ പറഞ്ഞു.

IMG 20221116 WA0092

നാട്ടുചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി ഐ രാജേന്ദ്രൻ നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീജ വേലായുധൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം ഫൗസിയ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പ്രഭാത് മുല്ലപ്പള്ളി, ബിന്ദു ധർമ്മൻ, ജയൻ പൂളക്കൽ, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാർ, എംകെഎസ്പി ബി സി ജാസ്മിൻ, മെമ്പർ സെക്രട്ടറി മിനി തോമസ്, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement