നിയമന വിവാദം: കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെ.എസ്‌.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

8
8 / 100

കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക് കെ.എസ്‌.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സര്‍വകലാശാലയുടെ മൂന്ന് ഗേറ്റുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിച്ചു. നിനിത കണിച്ചേരിക്ക് കാലടി സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മാര്‍ച്ച് പൊലീസ് പ്രധാന കവാടത്തില്‍ തടഞ്ഞു. ഇതോടെ ഏതാനും പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടന്ന് വൈസ് ചാന്‍സിലറുടെ ഓഫീസിന് മുന്നില്‍ എത്തി. ഓഫീസിനുമുന്നിലെത്തി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പിന്നീട് വിദ്യാര്‍ഥികളെ പൊലീസ് നീക്കം ചെയ്തു. നിനിതയുടെ നിയമനം റദ്ദാക്കണമെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ആവശ്യം. സര്‍വകലാശാല ഇതിന് തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്‌യു വ്യക്തമാക്കി.