പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനുള്ള സഹായ പദ്ധതികൾ കാര്യക്ഷമമാക്കണമെന്ന് ആൾ ഇന്ത്യ ദളിത് റൈറ്റ്സ് മൂവ്മെന്റ്

40

പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനുള്ള സഹായ പദ്ധതികൾ കാര്യക്ഷമമാക്കണമെന്ന് ആൾ ഇന്ത്യ ദളിത് റൈറ്റ്സ് മൂവ്മെന്റ് തൃശൂർ മണ്ഡലം കൺവെൻഷൻ. കേരളാ പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ ഈ വിഭാഗങ്ങളിൽ നിന്നുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി വിദേശത്തു പോകാൻ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നുണ്ട്. എന്നാൽ അതിനു അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബത്തിലെ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത് എന്നതരത്തിലുള്ള വിചിത്രമായ നിബന്ധനകൾ ഇപ്പോഴും നിലനിൽക്കുന്നു. വിദേശത്ത് പഠിക്കാൻ യോഗ്യത നേടുന്ന ഒരു കുട്ടിക്ക് സ്വന്തം ബാങ്ക് അക്കൗണ്ടിൽ 20 ലക്ഷം മുതൽ 25 ലക്ഷം വരെ ഡിപ്പോസിറ്റ് കാണിക്കേണ്ട തായുണ്ട് എന്നിടത്താണ് ഇത്തരം നിബന്ധനകൾ.
ഇതുമൂലം ഈ വിഭാഗങ്ങളിൽ നിന്ന് അർഹരായ വിദ്യാർത്ഥികൾക്ക് വിദേശ പഠനം നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നു.
കോർപ്പറേഷൻ പരിധിയിൽ അരയേക്കർ ഭൂമിയുള്ള മുന്നാക്കക്കാരെ പോലും ഇ.ഡബ്ള്യു.എസ് പട്ടികയിൽ ഇടം കൊടുത്ത് സംവരണം നൽകുന്ന നാട്ടിലാണ് അഞ്ച് ലക്ഷത്തിലധികം വാർഷിക വരുമാനമുള്ള പട്ടികജാതി കുടുബങ്ങൾക്ക് വായ്‌പ നിഷേധിക്കുന്നത് എന്നോർക്കണം. ആയതിനാൽ വാർഷിക വരുമാന പരിധി എടുത്ത് കളഞ്ഞ് ഇത്തരം വിഭാഗങ്ങളിൽ അർഹരായ കുട്ടികൾക്ക് നിന്നും ലോണുകൾ ലഭ്യമാകുന്നതിനും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായ വിദേശ പഠന സൗകര്യം ഉറപ്പുവരുത്താനും സർക്കാർ കാര്യക്ഷമായി ഇടപെടണമെന്ന് മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
പി ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എൻ രഘു അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ഡി.ആർ.എം ജില്ലാ സെക്രട്ടറി ബാബുചിങ്ങാരത്ത്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി സുമേഷ്, എം വിജയൻ, ഐ സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
ജി.ബി കിരൺ സ്വാഗതവും , കെ എം മോഹനൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.എൻ. രഘു (പ്രസിഡണ്ട്), ജി.ബി കിരൺ (സെക്രട്ടറി), കെ.എം മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement