പരാതി നൽകി അഞ്ച് മാസമായിട്ടും നടപടിയുണ്ടായില്ല: ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യകലയിലെ ജാതിവിവേചനം വീണ്ടും ചർച്ചയാവുന്നു; പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് വാദ്യകല അവതരിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യം

21

ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യകലാ രംഗത്തെ ജാതിവിവേചനം വീണ്ടുംചർച്ചയാവുന്നു. ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതി വിവേചനം അവസാനിപ്പിക്കുമെന്ന ചെയർമാൻ മുൻപ് നൽകിയ പ്രഖ്യാപനം നടന്നില്ലെന്ന വിമർശനത്തോടെയാണ് വീണ്ടും വിവാദം ശക്തമായിരിക്കുന്നത്. വാദ്യകലാകാരനും തിരുവെങ്കിടം സ്വദേശിയുമായ പി.സി വിഷ്ണു ഗുരുവായൂർ ദേവസ്വത്തിന് ഇക്കാര്യമാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകിയതോടെയാണ് ക്ഷേത്രത്തിലെ വാദ്യകലാരംഗത്തെ ജാതി വിവേചന ചർച്ച സജീവമാകുന്നത്. നേരത്തെ നൽകിയ പരാതിയിൽ അഞ്ച് മാസമായിട്ടും മറുപടി നൽകാത്ത സാഹചര്യത്തിൽ വിഷ്ണു ദേവസ്വത്തിന് വീണ്ടും കത്ത് നൽകി. കത്തിൻറെ പകർപ്പ് ദേവസ്വം മന്ത്രിക്കും നൽകിയിട്ടുണ്ട്. ഗുരുകുല രീതിയിൽ 10 വയസ് മുതൽ ചെണ്ട അഭ്യസിക്കുകയും നിരവധി വേദികളിലും , സ്കൂൾതലത്തിലും, കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിലടക്കം വിജയിയുമാണ് വിഷ്ണു. എന്നാൽ ഗുരുവായൂരപ്പ ഭക്തനും ഗുരുവായൂർ സ്വദേശി ആയിരുന്നിട്ടും ക്ഷേത്രത്തിനകത്ത് ചെണ്ടമേളം, തായമ്പക അവതരിപ്പിക്കാനോ, അത്തരം ജോലികളിലോ എന്നെ പരിഗണിക്കുന്നില്ല മാത്രമല്ല സ്വന്തം നിലക്ക് ക്ഷേത്രത്തിനകത്ത് ചെണ്ടവാദ്യം നടത്തി ഗുരുവായൂരപ്പ ഉപാസന നിർവഹിക്കുന്നതിനോ എനിക്ക് സാധിക്കുന്നില്ലെന്നും അതിന് കാരണമായത് തൻറെ ജാതിയാണെന്നും വിഷ്ണു ദേവസ്വത്തിന് നൽകിയ കത്തിൽ പറയുന്നു. നായർ സമുദായത്തിൽപ്പെട്ടവർക്ക് ചില വാദ്യങ്ങളിലെങ്കിലും പങ്കെടുക്കാൻ കഴിയുകയും എന്നാൽ ചില വാദ്യങ്ങൾക്ക് അയിത്തം കൽപിക്കുകയും ചെയുന്നുണ്ട്. എന്നാൽ ദളിത് വിഭാഗകാർക്ക് ഒരു വാദ്യകലകളിൽ പോലും പങ്കെടുക്കാനോ, അവതരിപ്പിക്കാനോ കഴിയുന്നില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശേഷാവസരങ്ങളില്‍ മേളത്തിനും, പഞ്ചവാദ്യത്തിനും , തായമ്പകയ്ക്കും, കലാകാരൻമാരെ തെരഞ്ഞെടുക്കുന്നത് പോലും ജാതി നോക്കി മേൽ‍ജാതിയില്‍പ്പെട്ട വാദ്യകലാകാരൻമാര്‍ക്ക് മാത്രമാണ് ക്ഷേത്രത്തിനകത്ത് അവസരമൊരുക്കുന്നത്. ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിന്റെ 42ാം വാർഷിക ആഘോഷ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഗുരുവായൂർ ക്ഷേത്രത്തിലെ വാദ്യരംഗത്തെ ജാതിവിവേചനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ കാലോചിതവും , മനുഷ്യോചിതവുമായ തീരുമാനം ഉണ്ടാവണമെന്നാണ് വിഷ്ണു കത്തിൽ ആവശ്യപ്പെടുന്നത്. മുമ്പ് സമാന ആവശ്യമുന്നയിച്ച് നൽകിയ കത്തിന് മറുപടി നൽകാതിരുന്നതിനെയും വിഷ്ണു വിമർശിക്കുന്നു. നേരത്തെ ഗുരുവായൂരിൽ വാദ്യരംഗത്ത് നിന്നും കല്ലൂർ ഉണ്ണികൃഷ്ണനും, പെരിങ്ങോട് ചന്ദ്രനുമടക്കം ഇവിടെ വിലക്ക് ഏർപ്പെടുത്തിയത് വിവാദമായിരുന്നു. പെരിങ്ങോട് ചന്ദ്രന് കേരള സംഗീത നാടക അക്കാദമി അവാർഡ് നൽകിയപ്പോൾ, ജാതി വിവേചനത്തിനെതിരായ ചെകിട്ടത്തടിയാണെന്നായിരുന്നു വിമർശിച്ചത്. ഇടവേളക്ക് ശേഷം വിഷ്ണുവിൻറെ കത്തോടെ ഗുരുവായൂരിലെ വാദ്യകലാരംഗത്തെ ജാതി വിവേചനം വീണ്ടും ചർച്ചയാവുകയാണ്.