പാട്ടും താളവും… സംഗീത നാടക അക്കാദമിയുടെ കലാപാരമ്പര്യം പ്രകടമാക്കി പുതിയ ചെയർമാനും വൈസ് ചെയർപേഴ്സണും ചുമതലയേറ്റു; ചെണ്ടയെടുത്ത് മട്ടന്നൂരും മൈക്കെടുത്ത് കരിവെള്ളൂരും പുഷ്പവതിയും കൂടെ ചേർന്ന് ഔസേപ്പച്ചനും വിദ്യാധരൻ മാസ്റ്റും പ്രകാശ് ഉള്ള്യേരിയും; സംഗീത സാന്ദ്രമാക്കി സ്ഥാനമേൽക്കൽ ചടങ്ങ്; കലാകാരൻമാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയായിരിക്കും പ്രവർത്തനമെന്ന് മട്ടന്നൂർ

34

സംഗീത നാടക അക്കാദമിയുടെ കലാപാരമ്പര്യം പ്രകടമാക്കി ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടിയും വൈസ് ചെയർപേഴ്സണായി ഗായിക പുഷ്പവതിയും ചുമതലയേറ്റു. പാട്ടിന്റെയും താളമേളത്തിന്റെയും അകമ്പടിയിലായിരുന്നു സ്ഥാനമേൽക്കൽ. വാദ്യരംഗത്ത് നിന്നുള്ള പ്രതിനിധി ആദ്യമായി ചെയർമാനാകുന്നുവെന്ന ചരിത്രത്തിനൊപ്പം സ്ഥാനമേൽക്കൽ ചടങ്ങിനെ കലാഅവതരണങ്ങളാൽ വൈവിധ്യമാക്കിയെന്നതും അക്കാദമിയുടെ ചരിത്രത്തിലെ ആദ്യ അനുഭവമായി. വെള്ളിയാഴ്ച കാലത്ത് പതിനൊന്നിന് അക്കാദമി അങ്കണത്തില്‍ എത്തിയ ഇരുവരെയും സെക്രട്ടറി കരിവെള്ളൂര്‍ മുരളിയുടെ നേതൃത്വത്തില്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സംഗീതനാടക അക്കാദമിയുടെ ചെയര്‍മാന്‍ പദവി അലങ്കരിക്കുന്ന ആദ്യ വാദ്യകലാകാരന്‍ കൂടിയാണ് അദ്ദേഹം. കലാകാരന്മാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ചെയര്‍മാനായി ചുമതലയേറ്റ ശേഷം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ പ്രതികരിച്ചു.

Advertisement
mattanoor

നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രവൃത്തിയിലൂടെ യഥാര്‍ത്ഥ്യമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വൈസ്ചെയര്‍പേഴ്‌സണായി ചുമതലയേറ്റശേഷം പുഷ്പവതി പറഞ്ഞു. സ്ഥാനാരോഹണ ചടങ്ങിന് ശേഷമായിരുന്നു കലാഅവതരണം. ചെണ്ടയുമായി ചെയർമാൻ മട്ടന്നൂരും മൈക്ക് കയ്യിലെടുത്ത് ആലാപനവുമായി കരിവെള്ളൂർ മുരളിയും പുഷ്പവതിയും പങ്കുചേർന്നപ്പോൾ അക്കാദമിയുടെ കലാപാരമ്പര്യം വീണ്ടെടുക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവിന്‍റെ ഭദ്രകാളി അഷ്ടകം ചൊല്ലിയായിരുന്നു ഉപാധ്യക്ഷയായി പുഷ്പവതിയുടെ ചുമതലയേൽക്കൽ. വിദ്രോഹി കവിതയിലെ വരികളായിരുന്നു സെക്രട്ടറി കരിവെള്ളൂർ മുരളി ആലപിച്ചത്. ചെണ്ടയിൽ മൃദുല താളമിട്ടായിരുന്നു മട്ടന്നൂർ കൂടെ ചേർന്നത്. സംഗീതസംവിധായകരായ ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്റ്ററും ഗാനാവതരണത്തിന് നേതൃത്വം നൽകിയപ്പോൾ പ്രകാശ് ഉള്ള്യേരി ഹാര്‍മോണിയത്തിലും കോട്ടയ്ക്കല്‍ രവി മദ്ദളത്തിലും ഷോമി റിഥം പാഡിലും അകമ്പടി സേവിച്ചു. സംഗീതസാന്ദ്രമായ സ്ഥാനരോഹണ ചടങ്ങ് കലാകാരന്മാര്‍ക്കും കാണികള്‍ക്കും നവ്യാനുഭവമായിരുന്നു. വിവാദങ്ങൾക്കും ഏറെ ഇടവേളക്കും ശേഷമാണ് മട്ടന്നൂർ ശങ്കരൻകുട്ടിയെ ചെയർമാനും പുഷ്പവതിയെ വൈസ് ചെയർപേഴ്സണും കരിവെള്ളൂർ മുരളിയെ സെക്രട്ടറിയും നാടക പ്രവർത്തക രേണു രാമനാഥ്, വാദ്യകലാകാരൻ പെരിങ്ങോട് ചന്ദ്രൻ, നടനും സംവിധായകനുമായ എം.ജി ശശി എന്നിവരടക്കം 14 അംഗ ഭരണസമിതിയെ നിയമിച്ചത്.

****************************************************************

മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് പൂര പ്രേമി സംഘത്തിൻ്റെ ആദരം

af5c0753 9278 4217 8925 6ec322593d4f

സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ പൂരപ്രേമി സംഘം ആദരിച്ചു. പാറമേക്കാവിന്റെ പ്രസാദം സമ്മാനിച്ച് തിലകം ചാർത്തി. പൂരപ്രേമി സംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ പ്രസിഡണ്ട് ബൈജു താഴേക്കാട്ട്, സെക്രട്ടറി അനിൽ കുമാർ മോച്ചാട്ടിൽ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു.

Advertisement