പാരമ്പര്യം സജീവമാകുന്നത് ആധുനികതയുടെ ഭാഗമാകുമ്പോൾ സച്ചിദാനന്ദൻ

7

പാരമ്പര്യം മാറിക്കൊണ്ടിരിക്കുമെന്നും മാറ്റത്തിന്റെ ഈ അനുസ്യൂതിയെയാണ് കവിതയിലെ പാരമ്പര്യം എന്ന് വിളിക്കുന്ന
തെന്നും സച്ചിദാനന്ദൻ പ്രസ്താവിച്ചു. പാരമ്പര്യം ജഡവും , സമകാലികകവിത പാരമ്പര്യ നിഷേധവും ആണെന്ന് പറയുന്നത് ശരിയല്ല. വൈലോപ്പിള്ളി സ്മരകസമിതി, സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ ദ്വിദിന കിതാപഠനശില്പശാലയുടെ സമാപന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Advertisement

ആധുനികതയുടെ
ഭാഗമായി മാറുമ്പോഴാണ് പാരമ്പര്യം സജീവമാകുന്നതെന്നും അല്ലാത്തത് ജഡപാരമ്പര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറയോട് സംസാരിക്കാൻ പഴയ കവിതക്ക് ശേഷിയുണ്ടാകണം.. കവിതയിൽ ഭൂതകാലവും വർത്തമാനകാലവും വെട്ടിമുറിക്കാൻ കഴിയില്ല. വർത്തമാനകാലത്തും പ്രവർത്തിക്കുന്ന പാരമ്പര്യം ആണ് സജീവമായ പാരമ്പര്യം എന്നും, അങ്ങനെ പ്രവർത്തിക്കുന്ന പാരമ്പര്യമേ നിലനില്ക്കുന്നതാകൂ എന്നും അദ്ദേഹം പറഞ്ഞു. കോളേജ് അങ്കണത്തിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിനെക്കുറിച്ചുള്ള കവിത ആ ദാരുണസംഭവത്തിന്റെ പ്രതിസ്പന്ദമാകുന്നതോടൊപ്പം മഹാഭാരതത്തിലെ അഭിമന്യുവിന്റെ സ്മരണയും, ഭാവിയിൽ സംഭവിക്കാനിടയുള്ള ഹിംസയുടെ നിഷേധവും ആയി മാറുമ്പോൾ അത് ആധുനിക കവിതയായി മാറുന്നു. ഇങ്ങനെ പഴയ കഥാപാത്രങ്ങൾ സമകാലിക സന്ദർഭങ്ങൾക്ക് അനുരൂപമായ കഥാപാത്രങ്ങളായിത്തീരുന്നത് പുതു കവിതയിൽ കാണാൻ കഴിയും. നല്ല കവിതക്ക് കാലവേർതിരിവുകൾ ഇല്ല. അത് സർവ്വകാലീനമാണ്.
പരാനുഭവം കവിയുടെ ആത്മാനുഭാവമായി മാറുന്നതും, വായിക്കപ്പെടുമ്പോൾ വീണ്ടും അത് പരാനുഭവമായിത്തീരുന്നതുമാണ് കവിതയിലെ രാസമാറ്റം.

ഡോ.പി. വി. കൃഷ്ണൻനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരിവിൽ, പ്രൊഫ എം. ഹരി ദാസ്, ജെ. ഗായത്രി, സഹദേവൻ, ചന്ദ്രതാര രാജേഷ് എന്നിവർ സംസാരിച്ചു
കെ.വി രാമകൃഷ്ണൻ, ഡോ എസ്.കെ. വസന്തൻ, ഡോ സി.മഞ്ജു, ഡോ അനു പാപ്പച്ചൻ തുടങ്ങിയവർ രണ്ടാം ദിവസത്തെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

Advertisement