പിങ്ക് റേഷൻ കാർഡു ലഭിച്ച് സുന്ദരൻ; ഒപ്പം ഭാര്യക്കുള്ള ചികിത്സാ സഹായവും

12
4 / 100

കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയായ വട്ടത്തറ വീട്ടിൽ സുന്ദരൻ രണ്ട് അപേക്ഷയുമായാണ് അദാലത്ത് വേദിയിലെത്തിയത്. കൂലി പണിക്കാരനായ തന്റെ റേഷൻ കാർഡ് ബി പി എൽ ആക്കണം എന്നായിരുന്നു അതിൽ ആദ്യത്തെ അപേക്ഷ. രണ്ടാമത്തെ ക്യാൻസർ രോഗിയായ തന്റെ ഭാര്യയുടെ ചികിത്സക്ക് സഹായം അനുവദിക്കണമെന്നതും. ഇതിൽ രണ്ടിനും പരിഹാരം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് സുന്ദരൻ. ബി പി എൽ റേഷൻ കാർഡ് മന്ത്രി എ സി മൊയ്‌തീൻ സുന്ദരന് കൈമാറിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു.

ഭാര്യ അംബികക്ക് സ്ഥനാർബുദത്തെ തുടർന്ന് 2020 ൽ ഓപ്പറേഷൻ നടത്തിയിരുന്നു. ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റിവ് ആശുപത്രിയിൽ നടന്ന ഓപ്പറേഷന് മാത്രം 52000 രൂപ ചെലവായത്. തുടർചികിത്സക്കുള്ള ധനസഹായത്തിനായി കൊടുത്ത അപേക്ഷയിൽ സി എം ഡി ആർ എഫിൽ ഉൾപ്പെടുത്തി 25000 രൂപ അനുവദിച്ചു.

സുന്ദരന്റെ കണ്ണുകൾക്ക് തിമിരം വന്നതിനെ തുടർന്ന് കാഴ്ചക്ക് ബുദ്ധിമുട്ടുണ്ട്. വലത് കണ്ണിന് മാത്രമാണ് ഇപ്പോൾ കാഴ്ചയുള്ളത്. കാഴ്ചക്ക് പ്രശ്നമുള്ളതിനാൽ പണിക്ക് പോവാൻ കഴിയാത്ത സ്ഥിതിയാണ്. മകൻ സൂരജ് കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ട് വീട്ടു ചെലവും ഭാര്യയുടെ തുടർചികിത്സയും നടത്തിക്കൊണ്ട് പോകുവാൻ കഷ്ടത അനുഭവിക്കുകയാണ് ഈ കുടുംബം. റേഷൻ കാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് സുന്ദരൻ പറഞ്ഞു. ഒപ്പം ഭാര്യ അംബികക്കുള്ള ധന സഹായവും കിട്ടിയതിൽ സർക്കാരിനോടുള്ള നന്ദി മറയില്ലാതെ പറഞ്ഞുപോവുകയാണ് സുന്ദരനും കുടുംബവും.