പുതിയ ഫോറസ്റ്റ് സ്റ്റേഷനുകൾക്കുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ; കൊറ്റമ്പത്തൂർ വനം രക്തസാക്ഷികളുടെ ആശ്രിതർക്ക് സ്ഥിര നിയമനം

0

സംസ്ഥാനത്ത് പുതിയ ഫോറസ്റ്റ് സ്റ്റേഷൻ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. 22 ഫോറസ്റ്റ് സ്റ്റേഷനുകൾക്ക് വേണ്ടിയുള്ള നിർദ്ദേശമാണ് ധനകാര്യ വകുപ്പിന് മുന്നിലുളളതെന്നും മന്ത്രി അറിയിച്ചു.  കൊറ്റമ്പത്തൂർ വനം രക്തസാക്ഷികളുടെ ആശ്രിതർക്ക് സർക്കാർ സർവ്വീസിൽ സ്ഥിര നിയമനം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Advertisement

സ്വന്തം ജീവൻ പോലും പണയം വെച്ചാണ് വനംവകുപ്പ് ജീവനക്കാർ ജോലി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം, കാട്ടുതീ തുടങ്ങി  പ്രതികൂലമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവരാണ് ജീവനക്കാരിലേറെയും. അതോടൊപ്പം തന്നെ മനുഷ്യ സ്നേഹപരമായ നിലപാട് സ്വീകരിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും ഉദ്യോഗസ്ഥർ പരിശ്രമിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ആ സമീപനം ഉദ്യോഗസ്ഥർക്കും വേണം. വനം വകുപ്പിന് ജനകീയമുഖം നൽകാനുള്ള  ഇടപെടലുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പരാതികളിൽ വേഗത്തിൽ നടപടിയെടുക്കേണ്ടതുണ്ടെന്നും  മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണങ്ങൾ മൂലം കാർഷിക മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം ഭീകരമാണ്. ഒട്ടും ഫല പ്രദമല്ലാത്ത നഷ്ടപരിഹാര പ്രക്രിയയാണ്  നടക്കുന്നത്. കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള വില നിർണയമാണത്. ഇതിൽ പുന:പരിശോധന ആവശ്യമുണ്ട്. ഈ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

വനത്തെയും വന്യജീവികളെയും സംരക്ഷിക്കാൻ പ്രവർത്തിക്കുന്നവരുടെ ജീവിത സുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി – പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഒരു  ആക്ഷേപവും ഇല്ലാതെ ആദ്യ ഘട്ടത്തിൽ തന്നെ കുടുംബത്തിന് വേണ്ട സഹായം നൽകാനായെന്നത് അഭിനന്ദനീയമാണ്. വന്യജീവി ആക്രമണങ്ങളിൽ ഉൾപ്പെടെ അപകടം സംഭവിക്കുന്നവർക്ക് ഉടനടി ആശ്വാസം നൽകാനും ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാനും കഴിയേണ്ടതുണ്ട്. വന്യജീവി ആക്രമണങ്ങളിൽ വലിയ കൃഷി നാശമാണ് സംഭവിക്കുന്നത്. ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. പ്രായോഗികമായി ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാം എന്നത് സംബന്ധിച്ച് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൊറ്റമ്പത്തൂർ വനം രക്തസാക്ഷികളുടെ ആശ്രിതരായ കെ വി സുബീഷ്, വി എസ് ശരത്ത് എന്നിവർക്ക് വനം വകുപ്പിൽ സ്ഥിര നിയമനം നൽകി കൊണ്ടുള്ള ഉത്തരവ് വനംമന്ത്രി കൈമാറി. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചർമാരായ എ കെ വേലായുധന്റെ മകൻ കെ വി സുബീഷിന് വാച്ചർ തസ്തികയിലും വി എ ശങ്കരന്റെ മകൻ വി എസ് ശരത്തിന് ഓഫീസ് അറ്റൻഡന്റ് തസ്തികയിലുമാണ് സ്ഥിര നിയമനം നൽകിയത്. 2020 ഫെബ്രുവരി 16 ന് കൊറ്റമ്പത്തൂരിൽ ഉണ്ടായ കാട്ടുതീ അണക്കുന്നതിനിടെ തീപ്പൊള്ളലേറ്റാണ് വേലായുധനും ശങ്കരനും മരണപ്പെടുന്നത്. വാഹനാപകടത്തിൽ മരണപ്പെട്ട വാഴച്ചാൽ ഡിവിഷനിലെ താൽക്കാലിക ജീവനക്കാരൻ എം എൻ ദുര്യോധനന്റെ കുടുംബത്തിന് ഇൻഷുറൻസ് തുകയായ അഞ്ച് ലക്ഷം രൂപ കൈമാറി. ഐസർ പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 158-ാം റാങ്ക് നേടിയ പരേതനായ ദുര്യോധനന്റെ മകൾ എം ഡി ആൽഖയ്ക്ക് മന്ത്രിമാർ ചേർന്ന് മൊമന്റോയും ക്യാഷ് അവാർഡും കൈമാറി.

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, വാർഡ് അംഗം കെ ജിഷ, സെൻട്രൽ സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ കെ ആർ അനൂപ്, തൃശൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ സി വി രാജൻ എന്നിവർ പങ്കെടുത്തു.

Advertisement