പുത്തൂരിലെ മിന്നൽച്ചുഴലിയിലെ നാശനഷ്ടം: കർഷകന് വിള ആദായം കണക്കാക്കി നൽകാൻ മന്ത്രി ഇടപെടണെന്ന് ജോസഫ് ടാജറ്റ്

22

പുത്തൂരിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ ഉണ്ടായ നാശ നഷ്‌ടം ഓരോ കർഷകനും ഓരോ വിളയിൽ നിന്നുള്ള ആദായം നോക്കി കണക്കാക്കിയില്ലെങ്കിൽ കർഷകർക്ക് വൻ ദുരിതം നേരിടേണ്ടിവരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു . ഇക്കാര്യത്തിൽ റവന്യൂ മന്ത്രി കെ രാജന്റെ പ്രത്യേക ഇടപെടൽ വേണമെന്നാണ് ആവശ്യപ്പെടാനുള്ളത് . ഇപ്പോഴത്തെ നിലക്ക്‌ ഒരു റബ്ബർമരത്തിന് മുന്നൂറ് രൂപയും, തെങ്ങിന് എഴുനൂറ് രൂപയും വാഴക്ക് നൂറു രൂപയുമാണ് കർഷകന് ലഭിക്കുക. ഒമ്പത് വർഷം കൊണ്ട് വളർത്തിയെടുക്കുന്ന റബ്ബർമരത്തിൽ നിന്നും പ്രതിവർഷം ആയിരത്തി അഞ്ഞൂറിൽപരം രുപ വെച്ച് ലഭിക്കുന്നതും ചുരുങ്ങിയത് ഇരുപത്തഞ്ച് വർഷം വെട്ടാൻ സാധിക്കുന്നതുമാണ് , അയതിന് മുന്നൂറ് രുപ എന്ന് പറഞ്ഞാൽ തികച്ചും അന്യായമാണ്. സമാനമായ രീതിയിലാണ് തെങ്ങിന്റെയും വാഴയുടെയും കാര്യം . ചുഴലി പ്രദേശങ്ങളിൽ വൈദ്ദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെങ്കിൽ ഒടിഞ്ഞ മരങ്ങൾ മുറിച്ചു നീക്കണം , അത് ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകന് താങ്ങാവുന്നതിലും അധികമാണ്.അതിന് റവന്യൂ അധികൃതർ പ്രത്യേക സംവിധാനം ചെയ്യണം . കോവിഡ് സാഹചര്യത്തിൽ നാശ നഷ്‌ടം നേരിട്ടവർക്ക് പ്രത്യേക ധന സഹായം പ്രഖ്യാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്‌ അഡ്വ ജോസഫ് ടാജറ്റ് അവശ്യപെട്ടു .