പുത്തൂർ ജംഗ്ഷൻ വികസനം ജനുവരിയോടെ പൂർത്തിയാക്കണമെന്ന് മന്ത്രി; ശ്രീധരിപാലം അനുബന്ധ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികൾ ഒക്ടോബറിൽ പൂർത്തിയാക്കും

17

പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്ന പുത്തൂർ ജംഗ്ഷൻ വികസനം അടുത്ത വർഷം ജനുവരി മാസത്തോടെ പൂർത്തിയാക്കാൻ റവന്യൂമന്ത്രി കെ രാജൻ നിർദ്ദേശം നൽകി. ഒല്ലൂർ മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisement

പുത്തൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി മന്ത്രി വിലയിരുത്തി. പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്നതിനൊപ്പം തന്നെ പുത്തൂർ ജംഗ്ഷൻ വികസനവും പൂർത്തിയാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സുവോളജിക്കൽ പാർക്കിലേയ്ക്കുള്ള ജല വിതരണത്തിനായി മൂന്ന് ക്വാറികൾ ഏറ്റെടുക്കാനുണ്ട്. ഇതിനായുള്ള സ്ഥലമേറ്റെടുക്കുമ്പോൾ ഭൂമിക്ക് എത്ര വില നൽകാം എന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. മറ്റുള്ള പ്രവൃത്തികൾ നടന്നുവരികയാണ്. ശ്രീധരിപാലം അനുബന്ധ റോഡിന്റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഒക്ടോബർ മാസത്തോടെ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം. നെടുപുഴ റെയിൽവേ മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികളുടെയും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെയും പുരോഗതി മന്ത്രി വിലയിരുത്തി.

യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് വി ആർ രജിത്, പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, മെമ്പർ സജീവ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement