പുത്തൂർ സുവോളജിക്കൽ പാർക്കിൽ മേയിൽ പ്രവേശനമെന്ന് മന്ത്രി കെ രാജൻ; രണ്ടാം ഘട്ടം ഡിസംബറിൽ പൂർത്തിയാക്കി മൃഗങ്ങളെ മാറ്റി തുടങ്ങും

21

പുത്തൂർ സുവോളജിക്കൽ പാർക്ക് അടുത്ത വർഷം മെയ് മാസത്തോടെ സന്ദർശകർക്കായി തുറന്ന് നൽകുമെന്ന് റവന്യൂമന്ത്രി കെ രാജൻ. സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പാർക്കിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകും. തുടർന്ന് മൃഗങ്ങളെ കൂടുകളിലേക്ക് മാറ്റി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Advertisement

അറൈവൽ പാർക്കിംങ്ങ് സോൺ, ഓറിയന്റേഷൻ സെന്റർ, ബയോഡൈവേഴ്സിറ്റി സെന്റർ, കംഫർട്ട് സ്റ്റേഷൻ തുടങ്ങിയ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.

മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയ ഹിപ്പൊ പൊട്ടാമസ്, സീബ്ര, ഈലാന്റ് ഒട്ടകപക്ഷി, ഹിമാലയൻ കരടി, സ്ലോത്ത് ബെയർ, വരയാട് , ഗ്രാസ് ലാന്റ് എവിയറി, റാപ്ടർ എവിയറി, കാട്ടുനായ, കുറുക്കൻ, കഴുതപുലി എന്നിവയുടെ കൂടുകളും ഇതോടനുബന്ധിച്ചുള്ള കംഫർട്ട് സ്റ്റേഷൻ, സർവ്വീസ് വിസിറ്റേഴ്സ് ഗ്രാം പാതകൾ, സർവ്വീസ് റോഡുകൾ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സുവോളജിക്കൽ പാർക്കിൽ തൈകൾ വച്ച് പിടിപ്പിക്കുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. കൂടാതെ സുവോളജിക്കൽ പാർക്കിനായി ഒരു സ്ഥിരം നഴ്സറിയും ആരംഭിച്ചിട്ടുണ്ട്.

പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ , സ്പെഷ്യൽ ഓഫീസർ കെ ജെ വർഗീസ്, ഡയറക്ടർ ആർ കീർത്തി, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നിമ്പു കിരൺ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.

Advertisement