പൂരത്തിനെത്തുന്നവർക്ക് കോർപ്പറേഷന്റെ സൗജന്യ സംഭാര വിതരണം: ഏഴ് കേന്ദ്രങ്ങളിലായി 50,000 ലിറ്റര്‍ വിതരണം ചെയ്യുമെന്ന് മേയർ

6

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തൃശൂര്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ ഏഴ് കേന്ദ്രങ്ങളിലായി സൗജന്യസംഭാരം വിതരണം ചെയ്യുമെന്ന് മേയര്‍ എം.കെ. വർഗീസ് അറിയിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍വശം, മണികണ്ഠനാല്‍, നടുവിലാല്‍, ബിനി ടൂറിസ്റ്റ് ഹോമിനു മുന്‍വശം, രാമവര്‍മ്മപാര്‍ക്ക്, പാറമേക്കാവിനു സമീപം, മേനാച്ചേരി ബില്‍ഡിംഗിനു മുന്‍വശം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഭാര വിതരണം നടക്കുക. മില്‍മയില്‍ നിന്നുമാണ് 50,000 ലിറ്റര്‍ സംഭാരം കോര്‍പ്പറേഷന്‍ വാങ്ങിക്കുന്നത്. നാളെ രാവിലെ സംഭാര വിതരണ കേന്ദ്രങ്ങള്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ആയിരത്തോളം കോര്‍പ്പറേഷന്‍റെ വിവിധ മേഖലയിലെ ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.

Advertisement

മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിധത്തിലാണ് കോര്‍പ്പറേഷന്‍ ഒരുക്കങ്ങള്‍ നടത്തിയതെന്ന് മേയർ പറഞ്ഞു. അപകടസാധ്യതയുള്ള എല്ലാ മരങ്ങളുടെ ശാഖകള്‍ നീക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. ശോചനീയമായി കിടന്നിരുന്ന റോഡുകളുടെ പാച്ച് വര്‍ക്ക് എല്ലാം യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തീകരിച്ചത്. ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഭക്ഷണശാലകളില്‍ 7 റൗണ്ട് പരിശോധന പൂര്‍ത്തിയാക്കി പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുക്കുകയും കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പൂരം കഴിയുന്നതുവരെ എല്ലാ ഭക്ഷണ വിതരണ ശാലയിലും ആരോഗ്യ വിഭാഗത്തിന്‍റെ കര്‍ശ്ശന പരിശോധന ഉണ്ടായിരിക്കുന്നതാണ്. പൊതുജനങ്ങള്‍ക്ക് ഭീഷണിയായ 45-ഓളം വരുന്ന തെരുവുനായ്ക്കളെ പിടിച്ച് സുരക്ഷിതമായി കോര്‍പ്പറേഷന്‍റെ അധീനതയില്‍ സംരക്ഷിച്ചുവരുന്നു. വൈദ്യുതി വിഭാഗം തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും കത്തിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഇടതടവില്ലാത്ത വൈദ്യുതി സേവനം ലഭിക്കുന്നതിനായി എല്ലാം സജ്ജമാക്കികഴിഞ്ഞു. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ശുചീകരണ ജീവനക്കാരും ഹരിതകര്‍മ്മ സേനയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇടതടവില്ലാതെ നടത്തിവരുന്നു. പൂരദിവസം രാവിലെ മുതല്‍ നഗരത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ കോര്‍പ്പറേഷന്‍ സൗജന്യമായി സംഭാരവിതരണം നടത്തുന്നതാണ്. പൂരം സമാപിക്കുന്ന മുറയ്ക്ക് തേക്കിന്‍കാട് മൈതാനവും അനുബന്ധ റോഡുകളും വൃത്തിയാക്കുന്നതിന് കോര്‍പ്പറേഷന്‍റെ ശുചീകരണ വിഭാഗം സജ്ജമായിരിക്കുക യാണ്. കൂടാതെ തേക്കിന്‍കാട് മൈതാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഇ-ടോയ്ലറ്റ് അടക്കം സ്ഥാപിച്ച് ശുചിത്വം ഉറപ്പുവരുത്തിയിട്ടുള്ളതാണ്. തൃശ്ശൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോര്‍പ്പറേഷനിലെ മുഴുവന്‍ ജീവനക്കാരും കൗണ്‍സിലര്‍മാരും അഹോരാത്രം പൂരത്തിനായി പ്രവര്‍ത്തിക്കുന്നതാണെന്ന് മേയര്‍ അറിയിച്ചു.

Advertisement