Home Kerala Thrissur പൂരപ്പെരുമയുടെ അഴകായ് ഗജകേസരികൾ; തിടമ്പേറ്റാൻ ചന്ദ്രശേഖരനും നന്ദനും ശിവകുമാറും

പൂരപ്പെരുമയുടെ അഴകായ് ഗജകേസരികൾ; തിടമ്പേറ്റാൻ ചന്ദ്രശേഖരനും നന്ദനും ശിവകുമാറും

0
പൂരപ്പെരുമയുടെ അഴകായ് ഗജകേസരികൾ; തിടമ്പേറ്റാൻ ചന്ദ്രശേഖരനും നന്ദനും ശിവകുമാറും

പൂരത്തെ അഴകണിയിക്കുന്ന കാഴ്ച ഗജകേസരികളാണ്. ഇത്തവണ പൂരത്തിന് കേരളത്തിന്റെ തലയെടുപ്പിന്റെ തമ്പുരാക്കൻമാർ ഒന്നിച്ചെത്തുന്നതും പ്രത്യേകതയാണ്. തിരുവമ്പാടിക്ക് ചന്ദ്രശേഖരനും പാറമേക്കാവിന് ഗുരുവായൂർ നന്ദനുമാണ് തിടമ്പേറ്റുന്നത്. രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥന് തിടമ്പ് നൽകുമ്പോൾ ഉപചാരം ചൊല്ലലിൽ വീണ്ടും ഭഗവതിയുടെ തിടമ്പേറ്റുക കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശിവകുമാറാണ്. ഇത്തവണയും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂര വിളംബരമറിയിക്കാൻ തെക്കേ ഗോപുര നടതുറക്കുന്നതും ശിവകുമാർ തന്നെയാണ്. തിരുവമ്പാടി വിഭാഗത്തിന്റെ പ്രധാന എഴുന്നള്ളിപ്പിന് ഭഗവതിയുടെ തിടമ്പ് വഹിക്കുക തിരുവമ്പാടി ചന്ദ്രശേഖരനായിരിക്കും. മഠത്തിൽ നിന്നുള്ള വരവ് മുതൽ കുടമാറ്റം വരെ ചന്ദ്രശേഖരനായിരിക്കും. രാവിലെ തിരുവമ്പാടിയിലേക്കുള്ള വരവിന് കണ്ണനെ എഴുന്നള്ളിക്കും. രാത്രി പൂരത്തിന് കുട്ടൻ കുളങ്ങര അർജുനനായിരിക്കും തിരുവമ്പാടിക്കായി നടുവിൽ നിൽക്കുക. ഉപചാരം ചൊല്ലലിന് ചന്ദ്രശേഖരനെത്തും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പാമ്പാടി രാജനും പൂരത്തിൽ തിടമ്പേറ്റാനെത്തുന്നതും ഈ വർഷത്തെ പൂരത്തിലെ ആനയഴകിന് ചന്തമേറ്റുന്നു. 2019 വരെ പങ്കെടുത്ത് പൂരവിളംബരത്തെ ജനകീയമാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇപ്പോൾ തിടമ്പേറ്റി പൂരത്തിൽ പങ്കെടുക്കാനെത്തുന്നുവെന്ന ആഹ്ളാദത്തിലാണ് പൂരാസ്വാദകരും ആനപ്രേമികളും. പൂരവിളംബരം നടത്തുന്ന കുറ്റൂർ നെയ്തലക്കാവിന് വേണ്ടി തന്നെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിന് തിടമ്പേറ്റുന്നത്. അയ്യന്തോളിന് വേണ്ടിയാണ് പാമ്പാടി രാജൻ തിടമ്പേറ്റാനെത്തുന്നത്.തിരുവമ്പാടിക്കും പാറമേക്കാവിനുമായി 30 ആനകൾ വേണം. കൂടാതെ എട്ട് ഘടക പൂരങ്ങൾക്ക് എഴുന്നള്ളിപ്പിനും ആനകളെ വേണം. നൂറിലേറെ ആനകളാണ് എല്ലാ പൂരങ്ങൾക്കും കൂടി ആവശ്യമായി വരിക. പ്രാഥമിക പട്ടി തയ്യാറാക്കി വനംവകുപ്പിന് കൈമാറി കഴിഞ്ഞു. സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി.സജീഷ് കുമാറും വെറ്ററിനറി വിഭാഗത്തിന് ഡോ.ലത മേനോനുമാണ് വനംവകുപ്പിന്റെ പ്രവർത്തനം ഏകോപിപ്പിച്ച് നേതൃത്വം നൽകുന്നത്. പ്രശ്‌നക്കാരായ ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച് ഓരോ ജില്ലകളിൽ നിന്നും പ്രശ്‌നക്കാരായ അനകളുടെ ലിസ്റ്റും വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പൂരത്തലേന്ന് രാവിലെ മുതൽ അമ്പതോളം വരുന്ന വനം, വെറ്ററിനറി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകും. വൈകി വരുന്ന ആനകളെ പൂരദിവസം അതിരാവിലെ പരിശോധന നടത്തും. കേരളത്തിലെ തലയെടുപ്പുള്ള ആനകളെ കാത്തിരിക്കുകയാണ് ആനപ്രേമികൾ.

LEAVE A REPLY

Please enter your comment!
Please enter your name here