പോലീസിലെ നന്മ പടിയിറങ്ങുന്നു; എസ്.ഐ പി രാമകൃഷ്ണൻ പോലീസിൽ നിന്നും ഇന്ന് വിരമിക്കുന്നു, യാത്രയയപ്പ് ചടങ്ങുകളൊന്നുമില്ലാതെ

146

പോലീസ് ജോലിയെന്നാൽ വെറും ശമ്പളം വാങ്ങിയുള്ള വെറും ജോലി മാത്രമല്ലെന്നും അതിന് സാമൂഹികവും മനുഷ്യത്വപരവുമായ ഉത്തരവാദിത്വവും സമൂഹത്തോട് കടപ്പാടുമുണ്ടെന്ന് ജീവിതത്തിലൂട നീളം പ്രകടമാക്കിയ എസ്.ഐ. പി. രാമകൃഷ്ണൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നു. വിരമിക്കലിലും സവിശേഷമാക്കുകയാണ് രാമകൃഷ്ണൻ. യാത്രയയപ്പ് ചടങ്ങുകളൊന്നും പാടില്ലെന്ന കടുത്ത നിർദേശം സഹപ്രവർത്തകരോട് സ്നേഹത്തോടെ നൽകിയിട്ടുള്ളതിനാൽ. ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസവും സാധാരണ ദിവസത്തിന് സമാനമായി കടന്നു പോകും. തൃശൂർ ട്രാഫിക് സ്റ്റേഷനിൽ നിന്നാണ് വിരമിക്കൽ.1988ൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഒഴിവുസമയങ്ങൾ പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്നു. നിർധനരായ കുട്ടികളുടേയും അനാഥരായ വയോജനങ്ങളുടെയും സങ്കടങ്ങളിൽ ആശ്വാസമായെത്തിയിരുന്ന ഈ നിയമപാലകൻ, അവരെ സഹായിക്കാനായി തന്റെ ആനുകൂല്യങ്ങൾ മാറ്റിവച്ചിരുന്നു. പി.എഫിൽ നിന്നുള്ള വായ്പയും ലീവ് സറണ്ടറിന്റെ തുകയുമൊക്കെ ഇങ്ങനെ കാരുണ്യവഴിയിൽ ഒഴുകി.

താൻ വാങ്ങിയ വാൻ രോഗികൾക്ക്‌ സൗജന്യസേവനത്തിനായി വിട്ടുകൊടുത്തിരുന്നു. ഇനി ആ വാനുമായി രാമകൃഷ്ണൻ പൂർണസമയം രംഗത്തുണ്ടാവും.വടക്കേക്കാട്, പാവറട്ടി, ചേർപ്പ്, കാട്ടൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ജോലിചെയ്തിട്ടുണ്ട്. 2015ലാണ് എസ്.ഐ. ആയത്. 2019 മുതൽ തൃശൂർ ട്രാഫിക്കിലാണ്.
ചേർപ്പ് പടിഞ്ഞാറേ പെരുമ്പുള്ളിശേരിയിലെ നന്മ നാരായണീയത്തിലാണ് ഈ അവിവാഹിതന്റെ താമസം. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചുപോയ രാമകൃഷ്ണൻ, അമ്മ നാരായണിയുടേയും മൂന്നു സഹോദരിമാരുടേയും ആശ്രയത്തിനൊപ്പം ഏവർക്കും ഏത് സമയത്തും േതടിയെത്താവുന്ന സഹായമനസ് കൂടിയാണ് രാമകൃഷ്ണൻ.