പ്രതിപക്ഷം സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കെ.പ്രകാശ്ബാബു

38

കേരളത്തില്‍ പ്രതിപക്ഷം കലാപാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി പ്രകാശ് ബാബു. സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ട്ടി ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനം  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ കരിവാരി തേക്കുവാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ വിഫലമാവുകയുള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ത്ത് തരിപ്പണമാക്കി. കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങളെ ഇല്ലാതാക്കുവാന്‍ മോദി രാമനെ ഉപയോഗിക്കുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, പാര്‍ട്ടി വിദ്യാഭ്യാസ ഡിപ്പാര്‍ട്‌മെന്റ് കമ്മിറ്റി കണ്‍വീനറും ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമായ കെ.ജി.ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.