പ്രതീക്ഷകൾ സഫലമായി: ഭൂമിയുടെ അവകാശികളായത് പതിനായിരങ്ങൾ; അഞ്ച് വർഷത്തിനിടെ ജില്ലയിൽ വിതരണം ചെയ്തത് 40364 പട്ടയങ്ങൾ

10
5 / 100

നാളിതുവരെ ഒരുതുണ്ടു ഭൂമി പോലും സ്വന്തമായില്ലാതിരുന്ന പതിനായിരങ്ങൾ ഇനി മുതൽ ഭൂമിയുടെ അവകാശികൾ. ജില്ലാതല പട്ടയമേള സാക്ഷ്യം വഹിച്ചത് കണ്ണു നിറയ്ക്കുന്ന നിമിഷങ്ങൾക്ക്. പട്ടയങ്ങൾക്കായി വർഷങ്ങൾ നീണ്ട അലച്ചിലുകൾക്ക് അന്ത്യം കണ്ട സന്തോഷത്തിലാണ് അന്തോണിയും പാറുക്കുട്ടിയമ്മയുമെല്ലാം പട്ടയമേളയിൽ നിന്ന് പടിയിറങ്ങിയത്.

രാവിലെ തന്നെ തൃശൂർ ടൗൺഹാളിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി ജില്ലാ ഭരണകൂടം നടപടികൾക്കു ചുക്കാൻ പിടിച്ചു. പട്ടയം വാങ്ങാനെത്തിയവരെ കണ്ട് ജനപ്രതിനിധികൾ കുശലാന്വേഷണം നടത്തുകയും പട്ടയ വിതരണത്തിനായി സജ്ജമാക്കിയ കൗണ്ടറുകളും സന്ദർശിക്കുകയും ചെയ്തു.

സ്വന്തംപേരിൽ ഒരുതുണ്ടു ഭൂമിയെന്ന സ്വപ്നം വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ചിരുന്ന കുടുംബങ്ങൾക്കാണ് ജില്ലാതല പട്ടയമേള ആശ്വാസമേകിയത്.
സാധാരണക്കാരൻ്റെ ഈ സ്വപ്നത്തിന് സർക്കാർ കൂടെ നിന്നപ്പോൾ ജില്ലയിൽ വിതരണം ചെയ്തത് 40364 പട്ടയങ്ങൾ. എട്ട് വിഭാഗങ്ങളിൽ ഉൾപ്പെട്ട പട്ടയങ്ങളാണ് വിതരണം ചെയ്തത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ 3587 പട്ടയങ്ങളും വിതരണം ചെയ്തു.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജില്ലയിൽ സംഘടിപ്പിക്കുന്ന അഞ്ചാമത്തെ പട്ടയ വിതരണത്തിനാണ് തൃശൂർ ടൗൺഹാൾ സാക്ഷിയായത്. റവന്യൂ ദിനാഘോഷങ്ങളുടെ ഭാഗമായി 2017 ഫെബ്രുവരി 25ന് ആദ്യ പട്ടയമേളയും 2018 ഫെബ്രുവരി 15ന് രണ്ടാംഘട്ട പട്ടയമേളയും 2019 ജനുവരി 21ന് മൂന്നാം ഘട്ടവും കോവിഡ് വ്യാപന പ്രതികൂല സാഹചര്യത്തിൽ 2020 സെപ്റ്റംബർ ഏഴിന് നാലാംാം ഘട്ട പട്ടയമേളയും സംഘടിപ്പിച്ചിരുന്നു. ഈ പട്ടയമേളകൾ ഉൾപ്പെടെ 2021 ജനുവരി വരെ വിവിധ ഇനങ്ങളിലായി 36777 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. അഞ്ചാം ഘട്ടത്തിലെ 3587 പട്ടയങ്ങളുടെ വിതരണം കൂടി ചേര്‍ത്ത് 40364 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

പട്ടയമേളയില്‍ ലാന്റ് ട്രിബ്യൂണല്‍ വിഭാഗത്തില്‍ 2606 പട്ടയം, 467 ദേവസ്വം പട്ടയം, 357 വനഭൂമി പട്ടയം, 96 മിച്ചഭൂമി പട്ടയം, 44 പുറമ്പോക്ക് പട്ടയം, 13 സുനാമി പട്ടയം, 3 കോളനി പട്ടയം, ഒരു ഇനാം പട്ടയം എന്നിവ വിതരണം ചെയ്തു.

ജില്ലയിലെ വിവിധയിനം പട്ടയങ്ങളില്‍ നല്‍കാന്‍ ഏറെ വെല്ലുവിളി നേരിട്ടത് വനഭൂമി പട്ടയങ്ങള്‍ക്കാണ്. എന്നാൽ 2016 മുതല്‍ 2020 വരെ 506 എണ്ണം വിതരണം ചെയ്യാൻ സാധിച്ചു. അഞ്ചാംഘട്ട പട്ടയമേളയില്‍ 357 വനഭൂമി പട്ടയങ്ങള്‍ അടക്കം സര്‍ക്കാര്‍ 863 വനഭൂമി പട്ടയങ്ങളാണ് വിതരണം ചെയ്തത്.

പട്ടയമേളയിൽ താലൂക്ക് അടിസ്ഥാനത്തിൽ തൃശൂർ -1028, തലപ്പിള്ളി – 435, കുന്നംകുളം-266, മുകുന്ദപുരം – 454, ചാവക്കാട് – 420, ചാലക്കുടി – 594, കൊടുങ്ങല്ലൂർ – 390 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്തത് തൃശൂർ താലൂക്കാണ്. 260 വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത് ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത താലൂക്കും തൃശൂരാണ്.