പ്രഥമ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്കാരം നടൻ സുരേഷ്ഗോപി ഏറ്റുവാങ്ങി; പുരസ്കാര തുക ആദിവാസികളുടെ ക്ഷേമപദ്ധതികൾക്കെന്ന് സുരേഷ്ഗോപി

64

പ്രഥമ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്കാരം നടനും മുൻ എം.പിയുമായ സുരേഷ്ഗോപി ഏറ്റുവാങ്ങി. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പുരസ്കാരം സമ്മാനിച്ചു. തപസ്യയും മാടമ്പ് കുഞ്ഞുക്കൂട്ടന്‍ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാടമ്പിന്റെ ജന്മസ്ഥലമായ കിരാലൂരില്‍ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രഫ.പി.ജി ഹരിദാസ് അധ്യക്ഷനായി. തപസ്യ സംസ്ഥാന സെക്രട്ടറി സി.സി സുരേഷ് സുരേഷ് ഗോപിക്ക് പ്രശസ്തി പത്രം സമര്‍പ്പിച്ചു. മാടമ്പിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം കൈനീട്ടമായി സ്വീകരിക്കുന്നുവെന്നും പുരസ്‌കാര തുക തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റ് നടത്തുന്ന ആദിവാസി ക്ഷേമപദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ മാടമ്പ് അനുസ്മരണ പ്രഭാഷണവും  പ്രബുദ്ധ കേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. മാടമ്പ് സ്മാരക സമിതി ചെയര്‍പേഴ്‌സണ്‍ രേഷ്മ സുധീഷ്, കണ്‍വീനര്‍ വി.കെ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഗീത സംവിധായകന്‍ വിനോഷ് വേണുഗോപാല്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ്‌കുമാര്‍, തപസ്യ ജില്ലാ സെക്രട്ടറി ടി.എസ് നീലാംബരന്‍, ട്രഷറര്‍ മുരളി കൊളങ്ങാട്ട്, മാടമ്പിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
Advertisement