പ്രവാസികൾക്ക് തണലൊരുക്കാൻ വടക്കാഞ്ചേരി നഗരസഭ

7

പ്രവാസികളുടെ പ്രശ്നങ്ങൾക്കും ആവലാതികൾക്കും നേരിട്ട് പരിഹാരം കാണാനും സഹായം നൽകാനുമൊരുങ്ങി വടക്കാഞ്ചേരി നഗരസഭ. നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന പ്രവാസികളെ  ഉൾക്കൊള്ളിച്ച് നേരത്തെ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ അവരെ ഒത്തുചേർക്കുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹാരം കാണാൻ ശ്രമിക്കുകയുമാണ് നഗരസഭ.

Advertisement

മെയ് മാസത്തിലാണ് നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രന്റെ അധ്യക്ഷതയിൽ പ്രവാസികളുടെ യോഗം വിളിച്ചത്. യോഗത്തിൽ പ്രവാസികളുടെ അതിജീവന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാര പദ്ധതികൾ തയ്യാറാക്കുന്നത് ആലോചിക്കുകയും ചെയ്തിരുന്നു. പ്രവാസികളുടെ പുനരധിവാസം, തൊഴിൽ സംരക്ഷണം, വിവരശേഖരണം എന്നിവയായിരുന്നു മുഖ്യചർച്ച.  ഇതിനെ തുടർന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും വിളിച്ച് അവരുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് പ്രവാസികളുടെ    വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഗൂഗിൾ ഫോം തയ്യാറാക്കി ഷെയർ ചെയ്യുകയും ചെയ്തു.

വിദ്യാഭ്യാസയോഗ്യത, വയസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾക്കൊപ്പം വിദേശത്ത് ചെയ്തിരുന്ന ജോലി, നാട്ടിൽ നിലവിൽ ചെയ്യുന്ന ജോലി, സംരംഭം തുടങ്ങാൻ താല്പര്യമുണ്ടോ, എന്ത് സംരംഭം തുടങ്ങാനാണ് താല്പര്യം, വ്യവസായ ആവശ്യത്തിന് സ്വന്തമായി ഭൂമി, കെട്ടിടം എന്നിവ ഉണ്ടോ, തുടങ്ങിയ വിവരങ്ങളാണ് ഗൂഗിൾഫോം ഉപയോഗിച്ച് ശേഖരിക്കുന്നത്. ഇതിൽ എല്ലാ പ്രവാസികളും വിവരങ്ങൾ രേഖപ്പെടുത്തുകയും നഗരസഭ പരിധിയിലെ മറ്റ് പ്രവാസികളിലേക്ക് ഈ വിവരങ്ങൾ എത്തിക്കുകയും ചെയ്യണമെന്ന് നഗരസഭ അറിയിച്ചു. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സഹായങ്ങൾ ഓരോ പ്രവാസികളിലേക്കും എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ സെക്രട്ടറി കെ കെ മനോജ്‌ പറഞ്ഞു. ഇത് കൂടാതെ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബോധവൽക്കരണ ക്ലാസുകളും മറ്റ് സഹായസഹകരണങ്ങളും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് നഗരസഭ.

Advertisement