പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്

8

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്. 
യു.എ.ഇ.യുടെ വിശേഷിച്ച് അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയന്‍ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായിരിക്കുന്നത്. അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം യൂസഫലിക്ക് സമ്മാനിച്ചു. 
ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി സര്‍ക്കാരിന്റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചതിനുശേഷം എം.എ.യൂസഫലി പറഞ്ഞു. 28,000 ലധികം മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 58,000 ആളുകളാണ് ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്.
യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.