ഫയൽ ജീവിതങ്ങൾക്ക് സാന്ത്വനം: ജില്ലയിൽ മൂന്നുദിനം പരിഹരിച്ചത് പതിനായിരത്തോളം പരാതികൾ

9
8 / 100

ഫയലിൽ ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓർമപ്പെടുത്തൽ അപ്പാടെ സ്വീകരിച്ച് ഫയൽ ജീവിതങ്ങൾക്ക് പച്ചക്കൊടി കാണിച്ചാണ് ജില്ലയിലെ മൂന്നു ദിവസത്തെ സാന്ത്വന സ്പർശം അദാലത്ത് സമാപിച്ചത്. ജില്ലയിലെ 7 താലൂക്കുകളിലെ പതിനായിരത്തോളം പരാതികൾക്കാണ് അദാലത്തിൽ പരിഹാരമുണ്ടായത്. ഒരു കോടിയോളം രൂപ വിവിധ പദ്ധതികളിൽപ്പെടുത്തി വിതരണം ചെയ്യാനായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം, റേഷൻ കാർഡില്ലാത്തവർക്ക് ഉടനടി റേഷൻ കാർഡ് നൽകൽ, എ പി എൽ വിഭാഗത്തിൽപെട്ട സാധാരണക്കാരെ ബി പി എല്ലിലേക്ക് തരം മാറ്റൽ, കാലങ്ങളായി വൈദ്യുതിയില്ലാത്തവർക്ക് വൈദ്യുതി, വീട്ടുനമ്പർ ഇല്ലാത്തവർക്ക് അത്അനുദിച്ചു നൽകൽ, ആരോഗ്യ കാരണങ്ങളാൽ അവശത അനുഭവിക്കുന്നവർക്ക് സംരക്ഷണം ഉറപ്പു വരുത്തൽ, മറ്റ്സാമൂഹ്യ ക്ഷേമ പദ്ധതിയിൽ സേവനം ഉറപ്പാക്കൽ തുടങ്ങി ഒട്ടേറെ സേവനങ്ങൾ അദാലത്തിലൂടെ നടപ്പാക്കാനായി. വിവിധ തുറകളിൽ നീതി നിഷേധിക്കപ്പെട്ടവരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും അദാലത്തിലൂടെ വിരാമമിടാൻ സാധിച്ചു.

ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരുടെ ശക്തമായ നേതൃത്വത്തിലൂടെ പരാതി പരിഹാരം സുതാര്യമായും വേഗത്തിലും തീർപ്പാക്കാൻ കഴിഞ്ഞു. ജില്ലാ കലക്ടർ എസ് ഷാനവാസ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കൂട്ടിയിണക്കി പരാതി പരിഹാരത്തിന് പുതിയ രീതി നടപ്പാക്കി. സഹകരണ വകുപ്പു സെക്രട്ടറി മിനി ആൻറണി മൂന്നു ദിവസത്തെ അദാലത്തിനു ചുമതല വഹിച്ചതും ഏകോപനത്തിനു പുതിയ ദിശ നൽകി.

റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം പരിശോധിച്ച പരാതികളിലാണ് മന്ത്രിമാർ തീർപ്പുകൽപ്പിച്ചത്. മന്ത്രിമാർ നേരിട്ടും വിവിധ വകുപ്പുകളുടെ കൗണ്ടറുകളിലും പരാതികൾ തീർപ്പാക്കി. അദാലത്തിൽ നിന്ന്സ്വീകരിച്ച പട്ടയ സംബന്ധമായ പരാതികൾ ട്രിബ്യൂണലിന് കൈമാറിയതോടെ ഇതിന് വേഗത്തിൽ നടപടിയുണ്ടാകും.

അവശർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25000 രൂപയും ജില്ലാകലക്ടർ മുഖേന 10000 രൂപയും സഹായധനമായി നൽകി. ഉരുൾപ്പൊട്ടൽ ഭീഷണിയെ തുടർന്ന് പുനരധിവാസത്തിനായി പരാതിയുമായെത്തിയ സത്യപാലൻ എന്നയാൾക്ക് രണ്ടാം ദിവസത്തെ അദാലത്തിൽ സ്ഥലം വാങ്ങുന്നതിനും വീടുവെയ്ക്കുന്നതിനുമായി 10 ലക്ഷം രൂപയും ദുരിതാശ്വാസ സഹായമായി അനുവദിച്ചു.
മുകുന്ദപുരം താലൂക്കിൽ യു പി സ്വദേശിയ്ക്ക് വീട് നൽകിയതും ഒരേ കുടുംബത്തിലെ രണ്ടു പേർക്ക് സഹായധനം, ജോലി എന്നിവ നൽകിയതും അദാലത്തിലെ കരുതലിനു കരുത്തായി.

കുന്നംകുളത്തെ ഭൂമിയില്ലാത്ത വിധവയായ യുവതിയ്ക്ക് രണ്ട് സെൻ്റ് ഭൂമി നൽകിയതും പ്രശസ്ത സംവിധായകൻ ജി അരവിന്ദൻ്റെ പത്നിക്ക് കൈവശഭൂമി കരനില മാക്കാൻ ശുപാർശ നൽകിയതും വരവൂരിലെ പക്ഷാഘാത രോഗിയ്ക്ക് ലോൺ കുടിശ്ശികയിൽ ഇളവു നൽകിയതുമെല്ലാം സാമൂഹ്യക്ഷേമം ഉറപ്പിക്കുന്നതായി.

തൃശൂർ ടൗൺ ഹാളിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ തൃശൂർ താലൂക്കിലെ 934 പരാതികളാണ് തീർപ്പാക്കിയത്.
സഹായധനമായി 24,61,500 രൂപ അനുവദിച്ചു. ആകെ 1948 അപേക്ഷകളാണ്‌ ലഭിച്ചത്‌.

കുന്നംകുളം ടൗൺ ഹാളിലെ അദാലത്തിൽ 2394 പരാതികൾ തീർപ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 184 പേർക്ക് സഹായധനമായി 31,38,000 രൂപ അനുവദിച്ചു. ആകെ 3622 അപേക്ഷകളാണ്‌ ലഭിച്ചത്‌.
വിഹാൻ പദ്ധതി പ്രകാരം 250 പേർക്ക്‌ 15,00,000 രൂപയും സഹായധനം അനുവദിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അദാലത്തിൽ ആകെ 3464 പരാതികളാണ് ലഭിച്ചത്. 1508 പരാതികൾ പരിഹരിക്കാനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 218 അപേക്ഷകളിൽ 36,75,000 ലക്ഷം രൂപയാണ് അനുദിച്ചത്. ആകെ 43, 17,000 രൂപയാണ് വിവിധ പദ്ധതികളിലായി അനുവദിച്ചത്.